മുഖ്യമന്ത്രിക്ക് വാസവൻ ഉപയോഗിച്ച കാർ 

Sunday 17 May 2026 11:22 PM IST

തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങൾ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകൾ. വി.എൻ വാസവൻ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനം.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയതും ഏറ്റവും കുറച്ച് ഉപയോഗിച്ചതുമായ കാർ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് അനുവദിച്ചത്. പഴയ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി പുതിയ മന്ത്രിമാർക്ക് നൽകാനാണ് നിർദ്ദേശം. അതുവരെ ആവശ്യമെങ്കിൽ ടൂറിസം വകുപ്പ് താൽക്കാലിക വാഹനം നൽകും.

മുഖ്യമന്ത്രി ഒന്നാം നമ്പർ വാഹനം ഉപയോഗിക്കുമ്പോൾ, പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് 2 -ാം നമ്പർ കാർ . ഘടകകക്ഷി മന്ത്രിമാർ തുടർന്നുള്ള നമ്പരുകൾ ഉപയോഗിക്കും. ഇതിനുശേഷമാകും കോൺഗ്രസ് മന്ത്രിമാർക്ക് സീനിയോറിറ്റി അനുസരിച്ച് കാറുകളുടെ നമ്പർ ലഭിക്കുക.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ പൊലീസ് തിരിച്ചെടുത്തിരുന്നു. മൂന്നു വാഹനങ്ങൾ മാത്രം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായാൽ മതിയെന്നാണ് നിർദ്ദേശം. പൈലറ്റ് മാത്രം മതിയെന്ന വി.ഡി.സതീശന്റെ നിർദ്ദേശം പൊലീസ് അംഗീകരിച്ചില്ല. എസ്‌കോർട്ട് ഒഴിവാക്കാരുതെന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വിലയിരുത്തുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം.