രാഹുൽ ഗാന്ധി മുതൽ രേവന്ത് റെഡ്ഡി വരെ; നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം, വിവിഐപികളുടെ നീണ്ടനിര
തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം. രാവിലെ ഏഴരയോടെ തന്നെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും നിറഞ്ഞിരുന്നു. വിവിഐപികളുടെ നീണ്ടനിര തന്നെ ചടങ്ങിനെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വേദിയിലുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും എത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും വേദിയിൽ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെയും വേദിയിലിരുത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും വേദിയിലെത്തിയിട്ടുണ്ട്.
ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർരാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.
ചാണ്ടിഉമ്മൻ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. റോജി എം. ജോൺ ഇടംപിടിച്ചു. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉൾപ്പെട്ടത്. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ മുഴുവൻ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വർഷമേ ലഭിക്കൂ എന്നാണ് അറിയുന്നത്. ബാക്കി രണ്ടര വർഷം യു.ഡി.എഫ് സ്വതന്ത്രൻ മാണി സി. കാപ്പന് ലഭിക്കും. കെ.എ. തുളസിക്ക് ആദ്യ രണ്ടര വർഷവും തുടർന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയത്.