പ്രവർത്തന മികവിൽ മുഖ്യസ്ഥാനം

Monday 18 May 2026 1:19 AM IST

2001 മുതൽ ആറുതവണ തുടർച്ചയായി എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി.സതീശൻ ഇനി കേരളത്തിന്റെ ഭരണയന്ത്രം തിരിക്കുന്നതിൽ ഒന്നാമൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വയസ് 62. മരട് നഗരസഭയിൽ നെട്ടൂരിൽ 1964 മേയ് 31നാണ് ജനനം. വടശേരിവീട്ടിൽ പരേതരായ ദാമോദര മേനോന്റെയും വി.വിലാസിനി അമ്മയുടെയും നാലാമത്തെ മകനാണ്. ആലുവ ദേശം ദേവകിവീട്ടിൽ വേലായുധൻകുട്ടിയുടെയും രാമദേവിയുടെയും മകൾ ആർ. ലക്ഷ്‌മിപ്രിയയാണ് ഭാര്യ. ബംഗളൂരുവിൽ ഇംഗ്ളീഷിൽ ഗവേഷക വിദ്യാർത്ഥിനിയായ ഉണ്ണിമായയാണ് മകൾ. നെട്ടൂർ, മരട് എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും, രാജഗിരി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എൽഎൽ.ബിയും എൽ.എൽ.എമ്മും നേടിയിട്ടുണ്ട്. കേരള, മഹാത്മാഗാന്ധി സർവകലാശാലകളിൽ യൂണിയൻ കൗൺസിലർ, എം.ജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻ.എസ്.യു ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.