ചേർത്തല: ഭരണഘടനയെ കേവല നിയമ പുസ്തകമായി കാണാൻ കഴിയില്ലെന്നും അത് രാജ്യത്തിന്റെ ആത്മാവാണെന്നും എസ്.എൻഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ അംഗങ്ങളായി തിരഞ്ഞെടുത്ത ബി.ഡി.ജെ.എസ് അഭിഭാഷകർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി അനുഗ്രഹം തേടിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്താൻ നടക്കുന്ന ഏതു ശ്രമങ്ങളും ചെറുത്തു തോൽപ്പിക്കണം. ഭരണഘടനയുടെ മേധാവിത്വം ഉറപ്പാക്കാനും നിയമനിർവഹണം ശക്തിപ്പെടുത്താനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ആധാരശിലയാണ് ഭരണഘടന. ജനങ്ങൾക്കായി, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി എന്നത് ആശയം മാത്രമല്ല, ജീവിക്കുന്ന യാഥാർത്ഥ്യമാണ് ഭരണഘടനയെന്നും വെള്ളാപ്പള്ളി പറഞ്ഞു.കേന്ദ്ര സർക്കാർ സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ അംഗവും ബി.ഡി.ജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, സ്റ്റാൻഡിംഗ് കൗൺസൽ അംഗവുമായ അഡ്വ.പി.എസ്.ജ്യോതിസ്, മറ്റ് സ്റ്റാൻഡിംഗ് കൗൺസൽ അംഗങ്ങളായ അഡ്വ.പ്രതീപ് കുറന്താളി, അഡ്വ.ശാന്താറാം റോയി,അഡ്വ.പ്രതീഷ് പ്രഭ, അഡ്വ.ശ്രീകുമാർ തട്ടാരോത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |