കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉത്തരവും പ്രോസിക്യൂഷൻ നടപടികളും ഹൈക്കോടതി റദ്ദാക്കി. അഞ്ചുലക്ഷംരൂപ പിഴയും ഒഴിവാക്കി. സസ്പെൻഷനിലുള്ള തന്നെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പറഞ്ഞ് വർക്കല നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജ് മാനേജർ കൂടിയായ വെള്ളാപ്പള്ളിക്കെതിരെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ നൽകിയ പരാതിയിലായിരുന്നു 2024 ആഗസ്റ്റിലെ ട്രൈബ്യൂണൽ ഉത്തരവ്.
അച്ചടക്ക ലംഘനത്തിന് പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ ചാർജ് മെമ്മോയും സസ്‌പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിട്ട ട്രൈബ്യൂണൽ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി.എം.ശ്യാംകുമാർ വ്യക്തമാക്കി. കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 60 (7)-ാം വകുപ്പ് പ്രകാരം ശിക്ഷാനടപടികളിലെ അന്തിമ ഉത്തരവിനെതിരെ മാത്രമേ അദ്ധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവൂ. കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി. കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കേണ്ടതും. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് മാനേജർക്കെതിരെ ക്രിമിനൽ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് ട്രൈബ്യൂണൽ മുതിർന്നത്. ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികാരപരിധിക്കപ്പുറമുള്ള നടപടികളിലേക്ക് കടക്കരുതായിരുന്നെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നുമാസത്തിനകം സർവീസിൽ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനുവേണ്ടി അഡ്വ. എ.എൻ.രാജൻബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |