പള്ളുരുത്തി (കൊച്ചി): കേരളം മതാധിപത്യത്തിലായെന്നും മതപണ്ഡിതർ ഭരണത്തിൽ ഇടപെടുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗ സാരഥ്യത്തിൽ 30 വർഷം പൂർത്തിയാക്കിയതിന് യോഗം കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും സാമൂഹ്യനീതിക്കായി താൻ പറയാനുള്ളത് പറയും. സർക്കാർ എന്തു പരിഷ്കാരം നടപ്പാക്കുമ്പോഴും കാന്തപുരം ഉൾപ്പെടെയുള്ള മുസ്ലിം മതപണ്ഡിതന്മാർ ചോദ്യം ചെയ്യുന്നു. സൂംബ ഡാൻസിന്റെ
കാര്യത്തിലും സ്കൂൾ സമയം മാറ്റുന്നതിലും മതത്തിന്റെ പേരിൽ ഇവർ വെല്ലുവിളികൾ നടത്തി. .പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ അനുഭവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറും ജാതിക്കു വേണ്ടി നിലകൊള്ളുന്നവരാണ് തന്നെ ജാതിക്കോമരമായി വിശേഷിപ്പിക്കുന്നത്. ഒരു മതത്തിനും താൻ എതിരല്ല. സംഘടിത ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കേരളത്തിൽ.
മലപ്പുറത്ത് എസ്.എൻ.ഡി.പി യോഗത്തിന് ഒരു സ്കൂൾ പോലുമില്ലെന്ന് പരിതപിച്ചപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചെന്ന് പറഞ്ഞ് ഹീനമായ ആക്രമണമാണ് അഴിച്ചുവിട്ടത്. നമ്മൾ പറയുന്നത് ജാതിയും മറ്റുള്ളവർ പറയുന്നത് നീതിയുമായി. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ തന്റെ കോലം കത്തിക്കും. തന്നെ ജീവനോടെ കത്തിച്ചാലും ഇനി പിന്നോട്ടില്ല. അതിന് മരിക്കാനും ഭയമില്ല. വിമർശനങ്ങളെ ഭയന്ന് ഒളിച്ചോടാൻ തയ്യാറല്ല. മുട്ടാളന്മാരുടെ മുന്നിൽ മുട്ടുമടക്കില്ല.സംസ്ഥാനത്തെ ഭവനരഹിതരിൽ ബഹുഭൂരിപക്ഷവും ഈഴവരാദി
പിന്നാക്ക വിഭാഗങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇവർക്ക് മുൻതൂക്കം. ജാതിസെൻസസും സാമൂഹിക, സാമ്പത്തിക സർവേയും നടത്തണമെന്ന് പറയുമ്പോഴും തന്നെ എതിർക്കുകയാണ്- വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ മുഖ്യമന്ത്രി
ഇനി ഉണ്ടാകില്ല
പിണറായി വിജയനു ശേഷം നൂറു വർഷത്തേക്കെങ്കിലും കേരളത്തിൽ ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു പാർട്ടിയും ഇനി ഈഴവനെ മുഖ്യമന്ത്രിയാക്കില്ല. ആർ. ശങ്കറും സി. കേശവനും വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിഅമ്മയും ഈഴവരായതിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടവരാണ്. കോൺഗ്രസിൽ അഞ്ചെട്ടു പേരാണ് ഇപ്പോൾ മുഖ്യമന്ത്രിയാകാൻ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |