അണലികള്‍ മാളം വിട്ട് ഇറങ്ങുന്നു; 34കാരിയെ കടിച്ച അണലിയെ പിതാവ് കുപ്പിയിലാക്കി
മാന്നാര്‍: വേനല്‍ കടുത്തതോടെ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങുന്ന വിഷപ്പാമ്പുകള്‍ നാടിനെ ഭീതിയിലാക്കുന്നു. കാടുകയറിക്കിടക്കുന്ന ഗ്രാമീണ റോഡുകളില്‍ മാത്രമല്ല വീടിനുള്ളിലേക്കും തണുപ്പുള്ള ഇടം തേടി പാമ്പുകള്‍ കയറിക്കൂടുന്നത് പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ ദിവസം മാന്നാര്‍ കുരട്ടിശ്ശേരി വാന്യത്ത് പടിഞ്ഞാറേതില്‍ സുറുമിയെ (34) അണലിയുടെ കടിയേറ്റ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8 മണിയോടെ സുറുമി വീടിന്റെ അടുക്കള ഭാഗത്ത് നില്‍ക്കുമ്പോള്‍ കാലില്‍ പെരുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാരെ വിളിച്ച് നോക്കിയപ്പോഴാണ് അടുക്കളയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന അണലിയെ കണ്ടത്. ഉടന്‍ തന്നെ സുറുമിയുടെ പിതാവ് വീടിനുള്ളില്‍ കുപ്പി തുറന്ന് വച്ച് അണലിയെ അതിനുള്ളില്‍ കയറ്റുകയും തുടര്‍ന്ന് കുപ്പിയിലാക്കിയ അണലിയുമായി സുറുമിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സുറുമി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. സുറുമിയുടെ വീടിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ കാടു പിടിച്ച് കിടക്കുന്ന പറമ്പും വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന പാടവും ഉണ്ട്. ഇവിടങ്ങള്‍ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ കലാധരന്‍ കൈലാസം ഉള്‍പ്പടെയുള്ളവര്‍ നിരവധി തവണ ഉടമകളോട് ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വിവിധ പത്രങ്ങളുടെ ഏജന്റും വിതരണക്കാരനുമായ അജീഷ് കൊടാകേരില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ പത്രവിതരണത്തിനിടെ പാമ്പുകടിയേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാന്നാര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പന്നായിക്കടവ് - മുല്ലശ്ശേരിക്കടവ് റോഡില്‍ വച്ചായിരുന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടതെന്ന് അജീഷ് പറഞ്ഞു. രണ്ടാം വാര്‍ഡില്‍ പാവുക്കര പന്തലാറ്റില്‍പടി കൊച്ചു വീട്ടില്‍ റോഡില്‍ ഒരു വീട്ടില്‍ കിടന്ന കാറിന്റെ അടിയില്‍ നിന്ന് അണലി ഇറങ്ങിപ്പോകുന്നത് കണ്ടതായും അജീഷ് പറഞ്ഞു.
കാടുപിടിച്ച പറമ്പുകള്‍ ഭീഷണി
അന്തരീക്ഷത്തില്‍ ചൂടു കൂടുമ്പോള്‍ ശരീരതാപനില നിയന്ത്രിക്കാനാണ് പാമ്പുകള്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി അലയുന്നതെന്ന് വനംവകുപ്പ്
28 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പാമ്പുകള്‍ക്ക് സുഖമായി ജീവിക്കാം.ഇതിനേക്കാള്‍ ചൂടു കൂടുമ്പോഴാണ് ഇവ മാളത്തിനു പുറത്തിറങ്ങുക
മൂര്‍ഖനെയും അണലിയെയും വെള്ളിക്കെട്ടനെയും (ശംഖുവരയന്‍) സൂക്ഷിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു
പ്രദേശത്ത് കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ ഉടമകളെക്കൊണ്ട് വെട്ടിത്തെളിപ്പിക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണം. - നാട്ടുകാര്‍