വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് ഒരിക്കൽ 'കടൽകൊള്ള", 'മത്സ്യബന്ധനത്തിന് മരണമണി", 'കടലിനു കണ്ണീരിന്റെ ഉപ്പ്" എന്നൊക്കെ സി.പി.എം മുഖപത്രമായ 'ദേശാഭിമാനി" തലവാചകങ്ങളെഴുതിയ കാലം, ഇപ്പോൾ വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നവർ മറന്നുപോകരുത്. രാജാഭരണ കാലംതൊട്ടേ വിഴിഞ്ഞത് ഒരു തുറമുഖം എന്ന ആശയം നിലനിന്നിരുന്നു. എന്നാൽ ഈ സ്വപ്നത്തിന് ചിറകു നൽകിയത് 2011-ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ്. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിനെ പദ്ധതി പ്രദേശത്ത് കൊണ്ടുവന്ന് പരിസ്ഥി ആഘാത പഠനത്തിനുള്ള ടേംസ് ഒഫ് റഫറൻസ് അംഗീകരിപ്പിച്ചത് ആ സർക്കാരാണ്.
2013- ൽ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടിന് അംഗീകാരം കിട്ടുകയും മെയ് അതേവർഷം ഡി.പി.ആർ പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിക്ക് വേണ്ടിവരുന്ന 90 ശതമാനം ഭൂമിയും 2014-ൽ തന്നെ ഏറ്റെത്തു. ഇതിനിടെ നിരവധി കോടതികളിലായി നടന്ന നിയമയുദ്ധങ്ങളിലും വിജയിച്ചാണ് യു.ഡി.എഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയത്. 2015 സെപ്തംബർ 17-നാണ് കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം 1460 ദിവസംകൊണ്ട് പദ്ധതി പൂർത്തിയാക്കണം. നിങ്ങൾക്ക് ആയിരം ദിവസംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമോ എന്നാണ് ഉമ്മൻചാണ്ടി, കരാർ കമ്പനിയോട് ചോദിച്ചത്. കമ്പനി സമ്മതം അറിയിക്കുകയും തുറമുഖ സൈറ്റിൽ 1000 എന്നൊരു ബോർഡ് വയ്ക്കുകയും ചെയ്തു. ഓരോ ദിവസവും കൗണ്ട് ഡൗൺ. അങ്ങനെയാണ് യു.ഡി.എഫ് ഭരണകാലത്ത് ഈ പദ്ധതി മുന്നോട്ടു പോയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ അനുസരിച്ച് 2019-ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇപ്പോൾ സ്വാഭാവികമായി പൂർത്തിയായതാണ്. അല്ലാതെ ഇതു പൂർത്തിയാക്കിയതിൽ ഒരു പങ്കും ഒമ്പതു വർഷത്തെ പിണറായി സർക്കാരിനില്ല. പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാർത്ഥ്യമായിട്ടില്ല. കരാർ അനുസരിച്ചുള്ള റോഡ്, റെയിൽ കണക്ടിവിറ്റികൾ പൂർത്തിയാക്കാനായിട്ടില്ല. ഇപ്പോഴത്തെ അവകാശവാദങ്ങൾ വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നു മാത്രമാണ് മുഖ്യമന്ത്രിയോടും ഈ സർക്കാരിനോടും പറയാനുള്ളത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ ഒരു പരിഭവവുമില്ല. ആദ്യം വിഴിഞ്ഞത്ത് കപ്പൽ അടുത്തപ്പോൾ ക്ഷണിച്ചിരുന്നു. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായ പരിപാടിയാണെന്നും, സർക്കാരിന്റെ വാർഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടാണ് ഇപ്പോൾ വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോടു പറഞ്ഞത്. അങ്ങനെയെങ്കിൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണോ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പിണറായി സർക്കാരിന്റെ വാർഷികത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നതെന്ന് ബി.ജെ.പി നേതൃത്വവും പറയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |