കേരളം ഏറെകാത്തിരുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായിരിക്കുകയാണ്. കേരളത്തിന്റെ കപ്പലോട്ട ചരിത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. ബൈബിളിൽ പരാമർശിക്കുന്ന സോളമന്റെ കാലത്തുതന്നെ കേരള തീരത്തേക്ക് സുഗന്ധവ്യാപാരത്തിനായി കപ്പലുകൾ എത്തിയിരുന്നു. ഇതിനൊപ്പം വ്യാപാരത്തിനായി എത്തിയ യവനന്മാരുടെ ഒരു സെറ്റിൽമെന്റും മുചിരിയിൽ ഉണ്ടായിരുന്നതായി സംഘകൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കപ്പലോട്ടവും വിദേശവാണിജ്യവും പ്രാചീന കേരളത്തിന് വാണിജ്യ വിനിമയബന്ധത്തിൽ നിർണായക സ്ഥാനം നേടിക്കൊടുത്തു.
ചൈന അടക്കം കിഴക്കൻ രാജ്യങ്ങളിൽ നിന്ന് ഇവിടെ കപ്പലുകൾ എത്തിച്ചേരുകയും ചരക്കുകൾ ഇവിടെ ഇറക്കി ഇവിടെ നിന്ന് അലക്സാണ്ട്രിയ വരെ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇന്ത്യാ സമുദ്രവാണിജ്യ വ്യവസ്ഥ എന്ന് ചരിത്രഗവേഷകർ വിളിക്കുന്ന ഈ വാണിജ്യ നീക്കത്തിന്റെ കേന്ദ്രബിന്ദു കേരളമായിരുന്നു. വിഴിഞ്ഞത്തിലൂടെ അന്താരാഷ്ട്ര വാണിജ്യ നീക്കത്തിന്റെ കേന്ദ്രമെന്ന ആ പദവി കേരളം തിരിച്ചു പിടിക്കുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന ആശയത്തിന് വിത്തുപാകുന്നത് 1996ലെ ഇ.കെ.നായനാർ സർക്കാരാണ്. തുറമുഖ നിർമ്മാണത്തിനുള്ള ശാസ്ത്രീയ പഠനത്തിന് അന്ന് സർക്കാർ സമിതിയെ നിയോഗിക്കുകയായിരുന്നു. 2006ൽ അധികാരത്തിലെത്തിയ വി.എസ്.അച്യുതാനന്ദൻ സർക്കാരും തുടർനടപടികളുമായി മുന്നോട്ടുനീങ്ങി. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2010 ആഗസ്റ്റ് 11ന് ആദ്യമായി തുറമുഖ കമ്പനി ഉദ്ഘാടനം ചെയ്തു. അതിനുശേഷം അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ പക്ഷേ, തുറമുഖത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം എൽ.ഡി.എഫ് ആരംഭിക്കുന്നത്.
പദ്ധതിയുടെ ചുമതല അദാനി പോർട്ടിനു നൽകുന്നത് യു.ഡി.എഫ് കാലത്താണെങ്കിലും നിർമ്മാണം ആരംഭിക്കുന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്ന് രാജ്യത്തിനു മുന്നിൽ അഭിമാന പദ്ധതിയായി ഉയർന്നുനിൽക്കുന്നത്.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്) കരാർ ഒപ്പിടൽ കൂടി പൂർത്തിയാക്കിയതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്.
ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിർമ്മാണപ്രവർത്തനം വേഗത്തിലായത്. മുൻ കരാർ പ്രകാരമുള്ളതിനേക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലഭ്യമാവും. 2034 മുതൽ തുറമുഖത്തിൽ നിന്ന് വരുമാനത്തിന്റെ വിഹിതം സർക്കാരിനു ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028ൽ പൂർത്തീകരിക്കും. നാലു ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭവിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക. ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്.
2028നകം അടുത്ത ഘട്ടം പൂർത്തീകരിക്കുമ്പോൾ തുറമുഖത്തിന്റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 9500 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണമായും അദാനി പോർട്സ് വഹിക്കും.
18,000 ടി.ഇ.യു (ട്വന്റി ഫീറ്റ് ഇക്വലന്റ് യൂണിറ്റ്സ്) ശേഷിയുള്ള കപ്പലുകൾ വിഴിഞ്ഞത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതോടെ അതുമൂലം വൻ സാമ്പത്തിക നേട്ടം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകും. സമീപരാജ്യങ്ങളിൽ (കൊളംബോ, സിംഗപ്പൂർ, ദുബായ്) നടക്കുന്ന ട്രാൻഷിപ്പ്‌മെന്റിന്റെ സിംഹഭാഗവും ആകർഷിക്കാൻ വിഴിഞ്ഞത്തിന് കഴിയും. വിഴിഞ്ഞത്ത് മദർഷിപ്പുകളിൽ വരുന്ന കണ്ടെയ്‌നറുകൾ ദുബായ് പോർട്ടിൽ എത്തിച്ച് റെയിൽ മാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കും കൊണ്ടുപോകാനാവും. 10 ദിവസത്തിനുള്ളിൽ വിഴിഞ്ഞത്തു നിന്ന് ഹൈഫ തുറമുഖം വഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാൽ ഒഴിവാക്കി യൂറോപ്പിലേക്ക് എത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |