തൃശൂർ: വ്യാജവോട്ട് ആരോപണം മാനസികമായി തളർത്താനും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണെന്ന് കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ആർക്കും പേരുചേർക്കാം. ഏതെങ്കിലുമൊരാൾ ഒരിടത്ത് താമസിച്ചെന്ന കാരണത്താൽ അവിടെ മാത്രമേ വോട്ട് ചെയ്യാവൂ എന്നില്ല. പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരിമിതികളുണ്ട്. ഓരോ തിരഞ്ഞെടുപ്പും അഞ്ചു വർഷത്തിനുള്ളിൽ നടക്കുന്നതിനാൽ പരാതികൾ അതിനകം പരിഹരിക്കേണ്ടി വരും. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോൾ കർണാടകയിൽ നിന്നുവരെ വോട്ട് ചേർത്തു. രാജ്യത്ത് നടക്കുന്ന എല്ലാത്തിനെയും വിമർശിക്കാമെങ്കിലും ഒരു കുടുംബത്തെ മാത്രം വിമർശിക്കരുതെന്നാണ് ചിലർ പറയുന്നത്. ആ കുടുംബത്തിലെ റാണിയും രാജകുമാരനും രാജകുമാരിയും വിമർശനത്തിന് അതീതരല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, അഡ്വ. എസ്.സുരേഷ്, അനൂപ് ആന്റണി, അഡ്വ. കെ.കെ.അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ ക്ലാസെടുത്തു. അഡ്വ. ബി.ഗോപാലകൃഷ്ണൻ, അഡ്വ. ഷോൺ ജോർജ്, ഉണ്ണിക്കൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ്, പി.കെ.ബാബു, അഡ്വ. കെ.ആർ.ഹരി, സുധീഷ് മേനോത്ത് പറമ്പിൽ, വിജയൻ മേപ്രത്ത് എന്നിവർ നേതൃത്വം നൽകി.
വ്യാജവോട്ട് ; ജുഡീഷ്യൽ
അന്വേഷണം നടത്തണം:
ടി.എൻ.പ്രതാപൻ
തൃശൂർ: സുരേഷ് ഗോപിയുടെ വ്യാജ വോട്ടു ചേർക്കൽ രേഖകൾ ജുഡീഷ്യൽ അന്വേഷണം നടത്തി പിടിച്ചെടുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം
ടി.എൻ.പ്രതാപൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരിക്കൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പൊതുസ്വത്താണ്. അത് നൽകാതിരിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമലംഘനം നടത്തി. ഇതിനെതിരേ അപ്പീൽ നൽകും. സുരേഷ് ഗോപിയും ബി.ജെ.പിയും വ്യാജ വോട്ട് ചേർത്ത വിഷയത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ഇലക്ടറൽ ഓഫീസും തടസം നിൽക്കുന്നത് നടപടിയിൽ സംസ്ഥാന സർക്കാരിനും പങ്കുള്ളതിനാലാണെന്നും പ്രതാപൻ കുറ്റപ്പെടുത്തി.
സത്യവാങ്മൂലം
വ്യാജം: അക്കര
സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് മുൻ എം.എൽ.എ അനിൽ അക്കര. സുരേഷ് ഗോപി കളവ് പറയുകയാണ്, അല്ലെങ്കിൽ സത്യം മൂടിവയ്ക്കുന്നു. ഇക്കാര്യത്തിൽ മറുപടി പറഞ്ഞാൽ സാങ്കേതിക, നിയമ പ്രശ്നങ്ങൾ സുരേഷ് ഗോപി നേരിടേണ്ടി
വരുമെന്നും അദ്ദേഹംവ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |