നൂറ് പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൂറ്റാണ്ടിന്റെ സമരവീര്യവും ഭാവിയുടെ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ മൂലധനവും നിക്ഷേപിച്ചാണ് വി.എസിന്റെ മടക്കം. ആ മൂലധന നിക്ഷേപം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ തിളക്കം കൂട്ടാനുതകുന്ന ഏറ്റവും മൂല്യവത്തായ നിക്ഷേപമാണെന്ന് സമൂഹം തിരിച്ചറിയുന്നു.
ഇന്ത്യയിലെയും കേരളത്തിലെയും ആദ്യകാല കമ്മ്യൂണിസ്റ്റ് പഥികരെ പോലെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും കഥ വി.എസിനും പറയാനുണ്ട്. പക്ഷേ, വി.എസിനെ മറ്റ് കമ്മ്യൂണിസ്റ്റ് സഹയാത്രികരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളും പോരാട്ട വീര്യവുമാണ്. ഒരിക്കലും അണയാത്ത പോരാട്ടവീര്യം പാർട്ടിക്കകത്തും പുറത്തും പ്രകടിപ്പിച്ചാണ് വി.എസ് വേറിട്ടുനിന്നത്. വി.എസിന്റെ പോരാട്ടങ്ങൾക്ക് പ്രത്യയശാസ്ത്രങ്ങളുടെ കനമുണ്ടായിരുന്നു. വികസനനയങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങളിലേക്ക് വി.എസ് പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയെ ക്ഷണിച്ചപ്പോൾ സുസ്ഥിരവികസനം എന്ന പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ വിളിച്ചുപറയലായി. കേരളീയമായ ഇടതുപൊതുബോധം അതേറ്റുപാടിയപ്പോൾ വി.എസിനെ അവർ കേരളത്തിന്റെ കാവലാളായി പ്രതിഷ്ഠിച്ചു.
വി.എസ് നടത്തിയ പാരിസ്ഥിതിക പോരാട്ടങ്ങൾ പലതും സ്വന്തം പാർട്ടിയെയും ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയെയും വരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. 82-ാം വയസിൽ മുഖ്യമന്ത്രിയായ ശേഷവും ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുകയെന്ന ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ വീര്യമുൾക്കൊണ്ടാണ് വി.എസ് മുന്നോട്ട് പോയത്. പ്രകൃതിയെ അതേപോലെ ഭാവി തലമുറയ്ക്ക് കൈമാറുക എന്ന മാർക്സിയൻ പ്രചോദനം വി.എസ് ഉയർത്തിപ്പിടിച്ച പരിസ്ഥിതിരാഷ്ട്രീയത്തിലുമുണ്ട്. കുന്നും മലകളും കയറി പാരിസ്ഥിതിക ജൈവരാഷ്ട്രീയമാണ് അദ്ദേഹം പാർട്ടിയെയും മറ്റുള്ളവരെയുമെല്ലാം പഠിപ്പിച്ചത്. സ്റ്റാലിനിസ്റ്റായും വെട്ടിനിരത്തൽ നായകനായും വികസനവിരോധിയായും മുദ്ര കുത്തപ്പെട്ട നേതാവായിരുന്നു വി.എസ്. അതിനെയൊന്നും ഒരിക്കലും അദ്ദേഹം വകവച്ചില്ല. കേരളത്തിന്റെ എക്കാലത്തെയും യഥാർത്ഥ പ്രതിപക്ഷനേതാവായി വി.എസ് നിന്നു. നിയമസഭയിൽ മാത്രമല്ല അദ്ദേഹം പ്രതിപക്ഷനേതാവായത്. സ്വന്തം പാർട്ടിക്കകത്തും പ്രതിപക്ഷനേതാവായിരുന്നു വി.എസ്.
വി.എസ് വിജയിച്ചപ്പോൾ പാർട്ടി തോൽക്കുകയും പാർട്ടി വിജയിച്ചപ്പോൾ വി.എസ് തോൽക്കുകയും ചെയ്ത ചരിത്രമുണ്ട് സി.പി.എമ്മിന്. പ്രൊഫ. എം.എൻ.വിജയൻ പറഞ്ഞതുപോലെ പരാജയം ഭക്ഷിച്ച് ജീവിക്കുന്ന ജനനേതാവായി വി.എസ്. 1991ലും 96ലും അച്യുതാനന്ദൻ അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയാവാതെ പോയി. 91ൽ പ്രതിപക്ഷനേതാവായപ്പോൾ മുതൽ വി.എസ് ഏറ്റെടുത്ത എണ്ണമറ്റ അഴിമതിവിരുദ്ധ പോരാട്ടങ്ങളുണ്ട്. എണ്ണമറ്റ വ്യവഹാരങ്ങൾ. പാമോയിലും ഇടമലയാറും ബ്രഹ്മപുരവും ഗ്രാഫൈറ്റും തൊട്ട് മുല്ലപ്പെരിയാർ നദീതർക്ക വിഷയം വരെ വി.എസ് ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് ഐസ്ക്രീം പാർലറും മതികെട്ടാനും പൂയംകുട്ടിയും മൂന്നാർ കൈയേറ്റമൊഴിപ്പിക്കലും അങ്ങനെയങ്ങനെ. ഏറ്റവുമൊടുവിൽ ബാർകോഴ കേസ് വരെ വി.എസിന്റെ വ്യവഹാരപട്ടിക നീണ്ടു.
2006ൽ മുഖ്യമന്ത്രിയായ വി.എസിന്റെ ഒറ്റയാൻ നീക്കമായിരുന്നു മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ. മുന്നണിരാഷ്ട്രീയത്തിലോ പ്രായോഗിക രാഷ്ട്രീയത്തിലോ അതിന്റെ വരുംവരായ്കകൾ വി.എസ് നോക്കിയിട്ടില്ല. വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെ സ്വന്തം ബോദ്ധ്യത്താൽ ഏല്പിച്ചുകൊടുത്ത ദൗത്യം, പ്രകൃതിയെ ഭാവിക്കായി കരുതുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ തന്നെയാണ് ചരിത്രത്തിൽ സ്ഥാനം പിടിക്കുക. ഒരുപക്ഷേ പാർട്ടിക്കകത്തെ വിഭാഗീയതമായ ഉൾപ്പോരിൽ തോറ്റുകൊടുക്കാൻ നിൽക്കില്ലെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു വി.എസ് അന്നതിലൂടെ ചെയ്തത്. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിൽ അവർക്കൊപ്പം അണിചേർന്ന വി.എസ് കീഴാളജനതയുടെ സ്ത്രീ, തൊഴിൽ ദുരന്തങ്ങളെ അഡ്രസ്സ് ചെയ്തു.
പ്രതിപക്ഷനേതാവായിരിക്കുമ്പോൾ തന്നെയാണ് വി.എസ്, സ്വന്തം പാർട്ടി നേതൃത്വം കുലംകുത്തി എന്ന് വിശേഷിപ്പിച്ച, കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി അനുഭാവം പ്രകടമാക്കിയത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസത്തെ വി.എസിന്റെ ആ സന്ദർശനവും ഒരു രാഷ്ട്രീയയുദ്ധമായി.
ബാല്യത്തിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ച സവർണക്കുട്ടികളെ അരഞ്ഞാണമൂരി വീശിയടിച്ച് ആരംഭിച്ച ചെറുത്തുനില്പായിരുന്നു അച്യുതാനന്ദന്റേത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി തൊഴിലാളികളെ സംഘടിപ്പിച്ചും സമരപോരാട്ടങ്ങളുടെ ഭാഗമായുമെല്ലാം വി.എസിലെ പോരാളി ജ്വലിച്ചുനിന്നിട്ടുണ്ട്. ആ പോരാട്ടവീര്യം സ്വന്തം പാർട്ടിക്കകത്തും വി.എസ് ശരീരം അനുവദിച്ചിടത്തോളം കാലം തുടർന്നുകൊണ്ടിരുന്നു.
പ്രസ്ഥാനത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു വി.എസിന്റെ ജീവിതം. 1964ലെ പ്രത്യയശാസ്ത്ര പോരിന്റെ മൂർദ്ധന്യദശയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയകൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ ആ 32 പേരിൽ അവശേഷിച്ച കണ്ണി അച്യുതാനന്ദനായിരുന്നു. സി.പി.എമ്മിനകത്ത് വി.എസ് പല യുദ്ധങ്ങളും നയിച്ചു. ബദൽരേഖാ വിവാദത്തിൽ എം.വി.രാഘവനെയും മറ്റും പുറത്താക്കുമ്പോൾ ജനറൽസെക്രട്ടറിയായിരുന്ന ഇ.എം.എസിന്റെ വലംകൈയായി നിന്നു സംസ്ഥാനസെക്രട്ടറിയായി. അതിന് പിന്നാലെയാണ് നായനാർക്കും മുന്നേ വി.എസ് സി.പി.എം പൊളിറ്റ്ബ്യൂറോയിലെത്തുന്നത്.
1998ലെ പാലക്കാട് സമ്മേളനം സി.പി.എമ്മിലെ ഏറ്റവും വലിയ വെട്ടിനിരത്തൽ കാലമായി അറിയപ്പെട്ടു. അന്ന് സി.ഐ.ടി.യുവിന്റെ പ്രബലചേരിയെ വെട്ടിനിരത്തിയത് വി.എസിന്റെ നേതൃത്വത്തിലുണ്ടായ ഔദ്യോഗികചേരി തന്നെ. വി.എസിന്റെ ആശീർവാദത്തോടെ സംസ്ഥാനസെക്രട്ടറി പദത്തിലെത്തിയ പിണറായി വിജയനുമായി ക്രമേണ പാർട്ടിക്കകത്ത് വി.എസ് അകന്നു. 2005ലെ മലപ്പുറം സമ്മേളനത്തോടെ അത് മൂർദ്ധന്യദശയിലായി. ജനകീയാസൂത്രണത്തെയും നാലാംലോക സിദ്ധാന്തത്തെയും ചൊല്ലിയുണ്ടായ വിവാദങ്ങൾ പു.ക.സയ്ക്കകത്തും പ്രതിദ്ധ്വനി സൃഷ്ടിച്ചു. 1996ലെ മാരാരിക്കുളം നിയമസഭാ തിരഞ്ഞെടുപ്പിൽ അടി തെറ്റിയ വി.എസ്, പാർട്ടിക്കകത്തെ പിന്നിൽ നിന്ന് കുത്തിയ സി.ഐ.ടി.യു ലോബിയോട് പ്രതികാരം തീർത്തത് 98ലെ സമ്മേളനത്തിലായിരുന്നു. 2005ലെ മലപ്പുറം സമ്മേളനത്തിൽ വി.എസ് അക്ഷരാർത്ഥത്തിൽ ഔദ്യോഗികചേരിയാൽ തോല്പിക്കപ്പെട്ടു. പക്ഷേ പോരാട്ടവീര്യം അദ്ദേഹത്തിൽ അണഞ്ഞില്ല. 2006ൽ പാർട്ടി തഴഞ്ഞിട്ടും ജനവികാരം ഉൾക്കൊണ്ട് മലമ്പുഴയിൽ വി.എസിനെ മത്സരിപ്പിച്ചു പാർട്ടി. വി.എസിന്റെ കരുത്തിൽ നൂറ് സീറ്റുകൾ നേടി വിജയിച്ചു. വി.എസ് മുഖ്യമന്ത്രിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |