ആലപ്പുഴ: ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ ഇന്നലെ വൈകിട്ട് വി.എസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാനെത്തിയത് കാസർകോട് മുതലിങ്ങോട്ടുള്ള പതിനായിരക്കണക്കിന് പേർ. ഇന്നലെ രാവിലെ 11 മണിക്ക ഇവിടേയ്ക്ക് വി.എസിന്റെ ഭൗതിക ദേഹമെത്തുമെന്ന പ്രതീക്ഷയിൽ അതി രാവിലെ മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് തലമുറഭേദമില്ലാതെ പ്രവർത്തകർ എത്തിയിരുന്നു.
തങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസിനെ അവസാനമായൊന്നു കാണാൻ മലമ്പുഴയിൽ നിന്നുള്ള പ്രവർത്തകരായിരുന്നു പന്തലിലെ മുൻനിരയിൽ. രാവിലെ പത്തു മുതൽ ഇടവിട്ടിടവിട്ട് കോരിച്ചൊരിഞ്ഞ മഴയെ കൂസാതെ ഉച്ചഭക്ഷണം പോലുമില്ലാതെ വൈകിട്ട് 6 വരെ റോഡിൽ ഒരേ നിൽപ്പ് തുടർന്ന പലരും കാൽ കുഴഞ്ഞപ്പോൾ നിലത്തിരിപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും, മുഴുവൻ മന്ത്രിമാരും സ്പീക്കർ എ.എൻ ഷംസീറും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുൾപ്പെടെ നേതാക്കളും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ നക്സൽ നേതാവും അന്വേഷിയുടെ പ്രസിഡന്റുമായ കെ.അജിത, പ്രതിപക്ഷ എം.എൽ.എ മാരായ കെ.കെ.രമ, സി.ആർ. മഹേഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരും വി.എസ് മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീല തോമസ്, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുടങ്ങിയ ഉദ്യോഗസ്ഥരും റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു.
വൈകിട്ട് 6ന് വി.എസിന്റെ വിലാപ യാത്ര സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് തിരിക്കുന്നതായി അറിഞ്ഞതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ആലപ്പുഴ ബീച്ചും കവിഞ്ഞ് പുരുഷാരം റിക്രിയേഷൻ ഗ്രൗണ്ടിലേക്കൊഴുകി. വി.എസിന്റെ ഭൗതിക ദേഹം വഹിച്ചെത്തിയ വാഹനം പ്രവർത്തകർ പൊതിഞ്ഞതോടെ ഭൗതികദേഹം പുറത്തേക്കെടുക്കാൻ നേതാക്കളും പ്രവർത്തകരും ബുദ്ധിമുട്ടി.ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ഐ.ജി ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോ, ആലപ്പുഴ എസ്.പി മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |