വഴിയരികിലെ കാർ ആക്രിക്ക് വിറ്റു; 21കാരൻ ജയിലിലായി

Wednesday 03 June 2026 12:41 AM IST

എടപ്പാൾ: റോഡിൽ കിടന്ന കാർ സമീപ ദേശക്കാരൻ ആക്രിക്കച്ചവടക്കാർക്ക് വിറ്റു. പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി റിസ്വാനാണ് (21) റോഡിൽ തകരാറിലായിക്കിടന്ന കാർ വിറ്റത്. ഇയാളെ ചങ്ങരക്കുളം പൊലീസ് അറസ്റ്റുചെയ്തു.

വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് യുവാവ് സ്വന്തം വാഹനമെന്ന് പറഞ്ഞ് വിറ്റത്. തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി സിദ്ദീഖിന്റെ വീടിനു മുൻവശത്തെ റോഡരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു കാർ. റിസ്വാൻ ഏറെനാളായി ഇത് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാൾ ആക്രിക്കാർക്ക് വാഹനം കാണിച്ചുകൊടുക്കുകയും മുൻകൂറായി പണം കൈപ്പറ്റുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ലോറിയും ജെ.സി.ബിയുമായി സ്ഥലത്തെത്തിയത്.

വാഹനം കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് സിദ്ദീഖിന്റെ ഭാര്യ കണ്ടു. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. പ്രതിയുടെ പേരിൽ മുൻ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തങ്ങൾ പട്ടാമ്പിയിലെ സ്‌ക്രാപ് വ്യാപാര സ്ഥാപനം നടത്തുന്നവരാണെന്നും ഉടമസ്ഥന് പണം നൽകി കച്ചവടം ഉറപ്പിച്ചശേഷമാണ് വാഹനം മാറ്റാൻ എത്തിയതെന്നുമാണ് ജെ.സി.ബിയുമായി വന്നവരുടെ വിശദീകരണം.

പ്രതി ജയിലിൽ

സംഭവം അറിഞ്ഞെത്തിയ ഉടമ സിദ്ദീഖ് വാഹനം തന്റേതാണെന്നും മറ്റാർക്കും വിറ്റിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്ന് ചങ്ങരംകുളം പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് സ്ക്രാപ്പ് വ്യാപാരികൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇവരുമായി പടിഞ്ഞാറങ്ങാടിയിലേക്ക് തിരിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി സബ് ജയിലിൽ റിമാൻഡ് ചെയ്തു.