മലപ്പുറം: സഹോദരൻ പി കെ ബുജൈർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ ഫിറോസ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്. സ്ഥാനം രാജിവെച്ച് പി കെ ഫിറോസ് മാതൃകയാകുമോയെന്ന് ബിനീഷ് കോടിയേരി ചോദിച്ചതിന് പിന്നാലെയാണ് ഫിറോസ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
'ബുജൈറിന്റെ സഹോദരൻ എന്ന നിലയ്ക്ക് എനിക്കെതിരെ ആരോപണങ്ങൾ വ്യാപകമായി ഉയർന്നു വരുന്ന ഒരു കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ സഹോദരൻ ഒരു വ്യക്തിയാണ്. ഞാൻ വേറൊരു വ്യക്തി. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്ന് മാത്രമല്ല എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ്. ബുജൈറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ അത് ബോദ്ധ്യമാകും'. പി കെ ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വേറെയാണ്. കുടുംബമാകുമ്പോൾ അങ്ങനെയൊക്കെ ആകാമല്ലോ. തെറ്റ് ചെയ്താൽ സഹോദരനായാലും ശിക്ഷിക്കപ്പെടണം'. അനിയൻ ചെയ്ത കുറ്റത്തിന് തന്നെ ക്രൂശിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി. കേസിന് പിന്നിൽ സിപിഐഎം പ്രവർത്തകനാണെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ പികെ ഫിറോസിനെതിരെ ശക്തമായ ആരോപണങ്ങളുമായി ബിനീഷ് കോടിയേരി രംഗത്തെത്തിയിരുന്നു. 'പി.കെ ഫിറോസും സഹോദരനും തമ്മിലുള്ള സാദ്ധ്യമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം'. ബിനീഷ് ആവശ്യപ്പെട്ടു. അതേസമയം വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് ബുജൈർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയാസ് ടി.എമ്മുമായി ഇടപാടുകളിൽ പങ്കാളിയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
'രാവിലെ ലഹരിക്കെതിരെ പ്രവർത്തിക്കും. രാത്രിയിൽ ലഹരി ബിസിനസ് നടത്തുകയുമാണ്. അനുജന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുസ്ലിം യൂത്ത് ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നയാളുടെ സഹോദരനും ഇത്തരം കേസിൽ ഉൾപ്പെടുമ്പോൾ നിസാരവൽക്കരിക്കാൻ കഴിയുന്ന കാര്യമല്ല.' ബിനീഷ് കോടിയേരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |