
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിൽ വന്നാൽ നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അവതരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നഗരസഭയിലേക്കുള്ള എൻ.ഡി.എയുടെ നൂറ്റി ഒന്ന് സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തിയുള്ള വികസിത അനന്തപുരി പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് അഞ്ചര ലക്ഷം കുടംബങ്ങൾക്ക് കുടിവെള്ളം എത്തിയിട്ടില്ല, എൺപതിനായിരം കുടുംബങ്ങൾക്ക് വീടില്ല, ഡ്രെയിനേജ് സംവിധാനമില്ല, നാല്പത് ശതമാനം സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല, രണ്ടു ലക്ഷം പേരെയാണ് തെരുവുനായ ആക്രമിച്ചത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് പത്ത് കൊല്ലമായി ഭരിക്കുന്ന എൽ.ഡി.എഫ്. സർക്കാരും, യു.ഡി.എഫ്. ഭരണ കാലത്ത് 8 കേന്ദ്ര മന്ത്രിമാരുണ്ടായിരുന്ന കോൺഗ്രസ്സും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിജെപി മേയർ വന്നാൽ എല്ലാ വാർഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരും , അഴിമതി പൂജ്യം ശതമാനമാക്കും. ശബരിമല വിവാദത്തെ ഒരവസരമായി കാണാൻ ശ്രമിക്കുന്ന കോൺഗ്രസ് ആദ്യം എസ്.ഡി.പി.ഐയുമായും ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഉപേക്ഷിക്കണം- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ എൻ.ഡി.എ.കൺവീനർ തുഷാർ വെള്ളാപ്പള്ളി, പി.കെ.കൃഷ്ണദാസ്, ശ്രീലേഖാ, കെ.സോമൻ, വി.വി.രാജേഷ്,
എ.എൻ രാധാകൃഷ്ണൻ, പി.അശോക് കുമാർ, എൻ.ഡി.എ. നേതാക്കളായ പ്രേംരാജ്, പേരൂർക്കട ഹരികുമാർ, നെടുമങ്ങാട് രാജേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |