തിരുവനന്തപുരം: പാർട്ടിയിലെ തെറ്റായതും വഴിവിട്ടതുമായ പ്രവണതകൾ താഴെത്തട്ടിൽ ശക്തമാകുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം. തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥി, യുവജന സംഘടനാ ഭാരവാഹികളായ നേതാക്കൾക്കെതിരെ സമീപ ദിവസങ്ങളിലുയർന്ന ആരോപണങ്ങൾ പാർട്ടിക്ക് പ്രതിച്ഛായാ ദോഷമുണ്ടാക്കിയെന്ന് ഇന്നലെ അവസാനിച്ച സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പലരും വിമർശിച്ചു.
ലഹരിക്കെതിരെ സർക്കാർ പ്രചാരണം നടത്തുമ്പോൾ പ്രവർത്തകരുടെ വഴിവിട്ട പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കരുതെന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുയരുന്ന ആക്ഷേപം ജില്ലാ നേതൃത്വങ്ങൾ ഗൗരവമായി പരിശോധിച്ച് തിരുത്തണം. ഏറ്റവുമധികം ആക്ഷേപമുയർന്ന തിരുവനന്തപുരത്ത് ജനുവരി 7, 8 തീയതികളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തിരുത്തൽ നടപടികളിലേക്ക് കടക്കും. അഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും സി.പി.എം നേമം ഏരിയാ കമ്മിറ്റിയംഗവുമായ യുവാവും ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറിയും ലഹരി വിരുദ്ധ
പ്രചാരണത്തിനിടെ ബാറിൽ കയറി മദ്യപിച്ചത്, മലയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവ് പിടിയിലായത്, തലസ്ഥാനത്തെ ഒരു കലാലയത്തിലെ വിദ്യാർത്ഥി നേതാക്കൾ മദ്യപിച്ച് നൃത്തമാടിയ സംഭവം എന്നിങ്ങനെ എണ്ണിപ്പറഞ്ഞാണ് സംസ്ഥാന സമിതിയിൽ വിമർശനമുയർന്നത്. വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് യോഗത്തിലുയർന്നത്. നേതാക്കളിലും അണികളിലും ചിലർ പാർട്ടി കടമകൾ മറക്കുന്നുവെന്നാണ് വിലയിരുത്തൽ.
പാർട്ടിയണികളിൽ, പ്രത്യേകിച്ച് യുവാക്കളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആക്ഷേപം ശരിവയ്ക്കുന്ന ആരോപണങ്ങളാണ് തലസ്ഥാനത്ത് നിന്നുണ്ടാകുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തെറ്റുതിരുത്തൽ രേഖ സി.പി.എം ഇന്നലെ ചർച്ചയ്ക്കെടുത്തത്. തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ ജനങ്ങളോടുള്ള പെരുമാറ്റരീതി നിർദ്ദേശിച്ച് തെറ്റ് തിരുത്തൽ രേഖ പാർട്ടി അംഗീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |