ചെങ്ങന്നൂരിൽ സി.പി.എം- ബി.ജെ.പി ഡീൽ: ജി. സുധാകരൻ

Saturday 02 May 2026 11:33 PM IST

ആലപ്പുഴ: സജി ചെറിയാന് ജയിക്കാൻ പറ്റിയ ബി.ജെ.പി സ്ഥാനാർത്ഥിയെ ചെങ്ങന്നൂരിൽ നിയോഗിച്ചെന്ന് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ബി.ജെ.പിയുമായി ഡീലുണ്ടാക്കിയ ഒരേ ഒരാൾ സജി ചെറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളകൗമുദി യു ട്യൂബ് ചാനലിലെ ടോക്കിംഗ് പോയിന്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. താൻ ജനകീയ സ്വതന്ത്രനായാണ് മത്സരിച്ചത്. ജനകീയ സ്വതന്ത്രപ്രസ്ഥാനം ഇവിടെ വളർന്നുവരണം. രക്തം കൊണ്ട് ചരിത്രമെഴുതിയ ആലപ്പുഴയിൽ കമ്മ്യൂണിസത്തിന്റെ മേമ്പൊടിപോലും ഇന്നില്ല. പാർട്ടിയുണ്ടാക്കാനോ വേറെ പാർട്ടിയിൽ പോകാനോ താനില്ല. ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ ചില മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങിയെന്നും സുധാകരൻ പറഞ്ഞു. പിണറായിയുമായി യാതൊരുവിധ തർക്കവുമില്ല. തന്നെ ഒഴിവാക്കിയതെന്തിനാണെന്ന് അറിയില്ല.

ജനകീയ സ്വതന്ത്രനായ എന്നെ പിന്തുണച്ചത് യു.ഡി.എഫിന്റെ രാഷ്ട്രീയ ബുദ്ധിയാണ്. ആ ബുദ്ധി സി.പി.എമ്മിനില്ല. തന്റെ തിരഞ്ഞെടുപ്പ് ചെലവിന്റെ 70 ശതമാനവും യു.ഡി.എഫ് ചെലവഴിച്ചതായും സുധാകരൻ പറഞ്ഞു.