ആദ്യം വായിച്ചറിഞ്ഞു: ഇപ്പോൾ തായ് ‌‌വാനെ കുറിച്ച് ഗവേഷണത്തിന് ആമിന

Sunday 03 May 2026 12:00 AM IST

ആമിന റീം

കോഴിക്കോട്: ബിരുദാനന്തര ബിരുദത്തിന് പഠിക്കവേ തായ് വാനെക്കുറിച്ച് വായിച്ചറിഞ്ഞ കോഴിക്കോട് പൂനൂരിലെ ആമിന റീം ഇപ്പോൾ ആ രാജ്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ്. ഇന്ത്യ, ചെെന, യു.എസ് എന്നിവയുമായുള്ള തായ് വാന്റെ വ്യാപാര, വാണിജ്യ, രാഷ്ട്രീയ, സാങ്കേതിക ബന്ധങ്ങളെക്കുറിച്ചാകും പഠനം. ഇത്തരത്തിലുള്ള ഗവേഷണമാകട്ടെ അപൂർവവും.

ഗവേഷണത്തിന് യു.എസ്-ഇന്ത്യ എഡ്യുക്കേഷണൽ ഫൗണ്ടേഷന്റെ ഫുൾബ്രൈറ്റ് നെഹ്റു ഡോക്ടറൽ ഫെലോഷിപ്പിനും ആമിന റീം വി.പി അർഹയായി. യു.എസ്-തായ് വാൻ ബന്ധമായിരിക്കും പഠനത്തിൽ കേന്ദ്രീകരിക്കുക. കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഒഫ് പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷക ഫെലോഷിപ്പിന്റെ ഭാഗമായി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് വാഷിംഗ്ടണിലാണ് ഗവേഷണം നടത്തുക. ഗവേഷണത്തിന് ലഭിക്കുന്ന തുകയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. വരുന്ന സെപ്തംബർ മുതൽ ഒമ്പത് മാസമാണ് ഗവേഷണ കാലയളവ്. ഇപ്പോൾ ഇന്ത്യ-തായ് വാൻ ബന്ധങ്ങളെക്കുറിച്ച് പ്രൊഫ. ജോസുകുട്ടി സി.എയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തുകയാണ്.

കാസർകോ‌ട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരിക്കെയാണ് തായ് വാനിലെ ജെൻഡർ പൊളിറ്റിക്സിനെപ്പറ്റി ആമിന വായിച്ചുതുടങ്ങിയത്. തങ്ങളുടേതെന്ന് ചെെന അവകാശപ്പെടുമ്പോഴും തായ് വാന് സ്വന്തം സർക്കാരും മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാര ബന്ധങ്ങളുമുണ്ട്. ഇവയുടെ സവിശേഷതയെപ്പറ്റി വിശദമാക്കുന്നതാകും കോഴിക്കോട് പൂനൂർ ഉമ്മിണിക്കുന്നിലെ റഫീക്കയുടെ മകളായ ആമിനയുടെ പഠനം.

കഴിഞ്ഞ വർഷം തായ് വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫെലോഷിപ്പും ആമിന നേ‌ടി. ഒരു വർഷത്തേക്കുള്ള ഫെലോഷിപ്പിന്റെ ഭാഗമായി തായ് വാനിൽ ആറ് മാസം താമസിച്ചത് തായ് വാനെക്കുറിച്ച് കൂടുതൽ അറിയാനിടയാക്കി.