ധര്‍മ്മടത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; കനത്ത സുരക്ഷയൊരുക്കി പൊലീസ്

Sunday 03 May 2026 11:29 PM IST

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി പൊലീസ്. എടക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ചെമ്പിലോട് തന്നട മേപ്പൊയില്‍ ഭാഗത്തു നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ റഷീദിന്റെ വീടിന് സമീപപ്രദേശത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.

സംഭവം ഗൗരവകരമാണെന്നും പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വി.പി. അബ്ദുല്‍ റഷീദ് വ്യക്തമാക്കി. സ്വന്തം വീടിന് തൊട്ടടുത്തുള്ള സ്ഥലത്തു നിന്നാണ് ബോംബുകള്‍ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കവലകളില്‍ സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്ദുള് റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ധര്‍മ്മടം വീടിനടുത്തു നിന്നാണ് അല്പസമയം മുന്‍പ് ഉഗ്രശേഷിയുള്ള ബോംബ് ഉള്‍പ്പെടെ പിടികൂടിയത്..

മാരകമായ പ്രഹരശേഷിയുള്ള ഗുണ്ട് ഉള്‍പ്പെടെ വന്‍ സ്‌ഫോടക വസ്തു ശേഖരമാണ് എടക്കാട് പോലീസ് പിടിച്ചെടുത്തത്..വീട്ടില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള ചെമ്പിലോഡ് തന്നടയില്‍ മേപ്പൊയില്‍ എന്ന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.....വീട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുരക്ഷ പ്രധാനമാണ്.. വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ നോക്കി ഉറപ്പ്വരുത്തി.. പ്രധാനകവലകള്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷണത്തിനു ആവശ്യപ്പെട്ടിട്ടുണ്ട്.സി പി എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബൂത്ത് ഏജന്റ് ആയി ഇരുന്നവരുടെ വീടുകളുടെ സമീപം പോലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്..പ്രധാനപ്പെട്ട പ്രവര്‍ത്തകരോടും നേതാക്കളോടും സുരക്ഷ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്...അവസാനനിമിഷം വരെ പോരാട്ട വീര്യം കൈവിടില്ല.. നാട് കണ്ട ഏറ്റവും വലിയ പോരാട്ടം നടത്തിയതിന് റിസള്‍ട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെ..