മേപ്പാടി (വയനാട്): 'പ്രിയ കൂട്ടുകാരേ ഇതു നമ്മുടെ കുട്ടീസ് റേഡിയോ- 150.34. ഇന്ന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി പ്രക്ഷേപണം തുടങ്ങുന്നു"- മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടിക്കൂട്ടത്തിലെ അഭിരുദ്ര ഇതു പറയുമ്പോൾ സ്കൂളാകെ കണ്ണീരോടെ കാതോർക്കുന്നു. ചൂരൽമല മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ 65 സെന്റ് പുരയിടവും വീടും ഒലിച്ചുപോയി. മുത്തച്ഛനെയും മുത്തശ്ശിയെയുമെല്ലാം ഉരുൾ വിഴുങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും അഭിരുദ്രയ്ക്കൊപ്പം അദ്ഭുതകരമായി രക്ഷപെട്ടു. ഈ ദുരന്തത്തിന്റെ ഇരകളായ അദീതികൃഷ്ണ, ആരാധ്യകൃഷ്ണ, ആദിത്യൻ,
മുഹമ്മദ് ഷാഹിൽ,സൂരജ്, അനുശ്രീ എന്നിവരും റേഡിയോ ജോക്കികളായുണ്ട്. മറ്റു കുട്ടികൾക്കൊപ്പമാണ് ഇവരും ഇതിൽ സജീവമായത്.
'കുട്ടികൾക്ക് ഏറെ ഇഷ്ടമാണിത്. എല്ലാവരുടെയും സജീവമായ പങ്കാളിത്തമാണ് കുട്ടീസ് റേഡിയോയുടെ വിജയം"- കുട്ടിക്കൂട്ടത്തിലെ ആർദ്ര പറഞ്ഞു. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആർട്സ് ക്ലബ്ബിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും നേതൃത്വത്തിലാണ് ഈ സംരംഭം. അദ്ധ്യാപകർ അവതരിപ്പിക്കുന്ന പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 മുതൽ 1.45 വരെയാണ് പ്രക്ഷേപണം.
തുടക്കത്തിൽ മൊബൈലിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രവാസിയായ സൗണ്ട് എൻജിനിയർ സനൂപ് ഹൃദയനാഥ് വോയിസ് റെക്കാഡർ വാങ്ങി നൽകി. വാർത്തകൾക്കൊപ്പം വിനോദപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സുഭാഷ് പൂനത്ത്, പദ്മശ്രീ പി.എസ് എന്നീ അദ്ധ്യാപകരാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |