SignIn
Kerala Kaumudi Online
Tuesday, 21 May 2024 6.19 PM IST

കലിതുള്ളി കടൽ,​ തീരം ആശങ്കയിൽ

ambala

# നാല് വള്ളങ്ങൾ പൂർണമായി തകർന്നു, നിരവധി വീടുകൾ വെള്ളത്തിൽ

ആലപ്പുഴ: ജില്ലയുടെ തീരങ്ങളിലുണ്ടായ ശക്തമായ കടലാക്രമണം പ്രദേശവാസികളെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ മുതൽ വ്യാപകമായി കടൽകയറിയതും ചിലയിടങ്ങളിൽ

കടൽ ഉൾവലിഞ്ഞതും തീരദേശവാസികളെ ഭയത്തിലാക്കി. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ കടൽ ഇരച്ചുകയറി നൂറ് കണക്കിന് വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പുറക്കാട് തീരത്ത് 50മീറ്റർ കടൽ ഉൾവലിഞ്ഞു. അവധി ആഘോഷിക്കാൻ ആലപ്പുഴ ബീച്ചിലെത്തിയവർ ഭയന്ന് പിന്മാറി.

ശക്തമായ തിരമാലയിൽപ്പെട്ട് പുറക്കാട് നാല് വള്ളങ്ങൾ തകർന്നു. ആറാട്ടുപുഴ വലിയഴീക്കൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, ആലപ്പുഴ നഗരസഭ, കാട്ടൂർ, ഒറ്റമശ്ശേരി, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത ഭാഗം വഴിയാണ് തിരമാലകൾ ഇരച്ചുകയറിയത്. ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളത്തിൽ മുങ്ങി.

പുറക്കാട് വള്ളങ്ങൾ തകർന്നു

അമ്പലപ്പുഴ കരൂർ മുതൽ തോട്ടപ്പള്ളി വരെ കടൽക്ഷോഭം ശക്തമായി തുടരുകയാണ്. രാവിലെ പുറക്കാട് ഭാഗത്ത് കടൽ ഉൾവലിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഉച്ചയോടെയാണ് കടൽക്ഷോഭം ശക്തമായത്. കരയിൽ നങ്കൂരമിട്ടിരുന്ന നാല് വള്ളങ്ങൾ പുലിമുട്ടിലെ കല്ലിലിടിച്ച് തകർന്നു. കടലിന് കലിയിളകുന്നത് കണ്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കടലിൽ നങ്കൂരമിട്ടിരുന്നതും കരയിൽ കയറ്റിവച്ചിരുന്നതുമായ 200 ഓളം വള്ളങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കടൽക്ഷോഭം തുടരാണ് സാദ്ധ്യത.

വീടുകളിൽ വെള്ളം കയറി

പായൽ കുളങ്ങര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരത്ത് ശക്തമായ തിരമാലകൾ കടൽഭിത്തിക്കും മുകളിലൂടെ അടിച്ചുകയറി വീടുകളിൽ വെള്ളം കയറി. പതിനഞ്ചാം വാർഡ് കല്ലുപുരക്കൽ സുധീഷ്, പുത്തൻ നട വിജീഷ്, കല്ലുപുരക്കൽ തോപ്പ് രാജു, വാസുദേവപുരം നടുവിൽ പറമ്പിൽ ലസിത രാജു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. 10 ദിവസത്തിന് മുമ്പ് പ്രദേശത്ത് കടൽ ഉൾവലിഞ്ഞിരുന്നു. അന്നു മുതൽ പ്രദേശവാസികൾ ഭീതിയിലായിരുന്നു.

റോഡ് മണ്ണിനടിയിലായി

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് മുതൽ ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി വരെയുള്ള പ്രദേശത്തും ശക്തമായ കടലേറ്റമുണ്ടായി. കടൽവെള്ളത്തിനൊപ്പം മണൽകൂടി ഒഴുകിയെത്തിയതോടെ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായി. വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു. നൂറുകണക്കിന് വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി. ഒരു മത്സ്യസംസ്‌ക്കരണ കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നു.

ഗതാഗതം തടസപ്പെട്ടു

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട്, മതുക്കൽ പ്രദേശത്ത് രണ്ടരയോടെയാണ് കടലേറ്റമുണ്ടായത്. ഉയർന്നുപൊങ്ങി കരയിലേക്ക് അടിച്ച തിരമാലകൾ കണ്ട് തീരവാസികൾ പരിഭ്രാന്തരായി. സുനാമിക്ക് സമാനമായ തിരമാലയായിരുന്നു. ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള ഭാഗത്ത് കടലടിച്ചുകയറി. ആറാട്ടുപുഴയിലും പെരുമ്പള്ളിയിലുമൊക്കെ സ്ഥിതി വളരെ രൂക്ഷമായി. വീടുകളിൽ വെള്ളവും മണ്ണും നിറഞ്ഞ് ജനജീവിതം ദുസഹമായി. മണ്ണ് മൂടി റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. തോട്ടപ്പള്ളി, കാർത്തികപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള ബസ് സർവീസുകൾ തൃക്കുന്നപ്പുഴയിൽ അവസാനിപ്പിച്ചു. വലിയഴീക്കലിൽ നിന്നുള്ള വാഹനങ്ങൾക്ക് വടക്കോട്ട് സഞ്ചരിക്കാനാകാതെയായി. വലിയഴീക്കൽ ബീച്ചിലേക്ക് പോയ നിരവധി വാഹനങ്ങൾ അവ്ടെ കുടുങ്ങി. തീരദേശ റോഡിന് സമാന്തരമായി കായലോരത്തെ റോഡ് വഴി ചെറിയ വാഹനങ്ങൾ വന്നതോടെ ഗതാഗതക്കുരുക്കായി. ബീച്ചിലേക്ക് പോയവർ കടലാക്രമണം ഭയന്ന് തിരികെപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.