ആലപ്പുഴ : ജില്ലാകോടതിപാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് ഈമാസം ആരംഭിക്കും. വൈ.എം.സി.എ ഭാഗത്തേക്കും പുന്നമടഭാഗത്തേക്കും നാല് സ്പാനുകൾ വീതമുള്ള മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്.
ഒരുഭാഗത്തേയ്ക്ക് 100മീറ്റർ നീളം അഞ്ച് വീതം പൈലൽ പോയിന്റുകളുമാണുള്ളത്.
ഓരോ പോയിന്റിനും മൂന്ന് പൈലിംഗ് വീതം വേണ്ടിവരും. ഇപ്പോൾ പുരോഗമിക്കുന്ന
മിക്സഡ് ഡിസൈനിംഗിന്റെ ട്രയൽ 20ന് പൂർത്തിയാകും. വാടക്കനാലിന്റെ തെക്കേക്കരയിൽ കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് 175 മീറ്ററും വൈ.എം.സി.എ ഭാഗത്തേക്ക് 100 മീറ്ററും വീതമാണ് മേൽപ്പാലം. ഒഴിപ്പിക്കലിനെതിരെ വ്യാപാരികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് നിർമ്മാണം വൈകുന്നത്.
നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16 കടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. കേസ് തീർപ്പായാലുടൻ ഇരുകരകളിലെയും
പൈലിംഗ് ജോലികൾ ആരംഭിക്കും. നിലവിലെ പാലത്തിന്റെ ഇരുകരകളിലുമായി നാൽക്കവലയോടുള്ള രൂപരേഖയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും മേൽപ്പാലവും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കുന്നതാണ് രൂപരേഖ. പൊലീസ് കൺട്രോൾ റൂമിന് സമീപം താത്കാലിക പാലം ഉടൻ നിർമ്മിക്കും.
റൗണ്ടിലാണ് പാലം
90മീറ്റർ നീളത്തിലും 60മീറ്റർ വീതിയിലുമായി മൂന്ന് വരിപാതയിലാണ് പ്രധാനപാലം നിർമ്മിക്കുന്നത്. നാൽക്കവലയോടെയുള്ള പാലത്തിന് അടിപ്പാത, റാമ്പ്, മേൽപ്പാലം എന്നിവയുമുണ്ടാവും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. 120.52കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയാണ് തുക അനുവദിച്ചത്. നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും.
ജില്ലാക്കോടതിപാലത്തിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് ഈമാസം ആരംഭിക്കും. വ്യാപാരികളുടെ ഹർജിയിൽ തീർപ്പ് ഉണ്ടായാൽ മാത്രമേ തെക്കേക്കരയിലെ പൈലിംഗ് ആരംഭിക്കുകയുള്ളൂ
- ജയകുമാർ, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി
...................................................................................................................................
ജില്ലാകോടതിപാലം
ചെലവ് : ₹120.52കോടി
# നിർമ്മാണം മൂന്ന് വരിയിൽ
# മേൽപ്പാലത്തിന്റെ വീതി : 5.5 മീറ്റർ
# അടിപ്പാതയുടെ വീതി : 7.5 മീറ്റർ
# റാമ്പിന്റെ വീതി : 5.5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |