ആലപ്പുഴ: പ്രകൃതിദുരന്തമോ, പാലിയേറ്റീവ് പ്രവർത്തനമോ സാഹചര്യം എന്തായാലും സഹായിക്കാൻ ഇനി അദ്ധ്യാപക ബ്രിഗേഡ് ഉണ്ടാവും. 'അരികിലുണ്ട് അദ്ധ്യാപകർ' എന്ന ജനകീയ ആശയത്തെ മുൻനിർത്തി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് ടീച്ചേഴ്‌സ് ബ്രിഗേഡ്. കൊവിഡ് സമയത്തും പ്രളയ കാലത്തും വയനാട് ദുരന്തമുഖത്തുമെല്ലാം കെ.എസ്.ടി.എ അദ്ധ്യാപക കൂട്ടായ്മ സജീവമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപക ബ്രിഗ്രേഡ് എന്ന ആശയത്തിന് സംഘടന രൂപം കൊടുത്തത്. ആലപ്പുഴയിൽ 11 ഉപജില്ലകളിലായി 125 ബ്രിഗേഡ് അംഗങ്ങളാണുള്ളത്. 62 പേർ അദ്ധ്യാപികമാരാണ്.
ജില്ലയിൽ കെ.അനിൽകുമാർ (ക്യാപ്ടൻ), എസ്.സുരാജ്, ജൂലി.എസ്.ബിനു, സി.സൽജ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും പ്രവർത്തിക്കുന്നു. ഉപജില്ലാതലങ്ങളിലും ക്യാപ്ടനും വൈസ് ക്യാപ്ടനുമുണ്ട്. എല്ലാ നേതൃത്വത്തിലും ഒരാൾ വനിതയായിരിക്കണമെന്ന് നിബന്ധനയുമുണ്ട്.
പരിശീലനത്തിന് സജ്ജം
#പൊതുസ്ഥലങ്ങളുടെ ശുചീകരണം ,ബ്ലഡ് ബാങ്ക് രൂപീകരണം,അവയവദാന ബോധവത്കരണം, വയോജനങ്ങൾക്ക് സഹായഹസ്തം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ബ്രിഗേഡ് ഏറ്റെടുക്കും
#അവശ്യസമയത്ത് കൃത്യമായി ഇടപെടാനുള്ള പരിശീലനം ബ്രിഗേഡ് അംഗങ്ങൾക്ക് നൽകും
#കേരള ഫയർ ആൻഡ് റസ്‌ക്യൂവിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനം അദ്ധ്യാപകർക്ക് നൽകിക്കഴിഞ്ഞു
#കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങി അനേകം ഏജൻസികൾ അദ്ധ്യാപകർക്ക് പരിശീലനം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്
# തിരുവനന്തപുരത്ത് വച്ച് മൂന്ന് ദിവസത്തെ റസിഡൻഷ്യൽ പരിശീലനവുമുണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |