മുഹമ്മ: കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പര്യായമാണ് മരിയൻ ദിവ്യ കാരുണ്യാലയം. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ ഏറ്റെടുത്തുകൊണ്ടാണ് കെ.ഹരി, സജിമോൻ എന്നീ യുവാക്കൾ ഈ പുനരധിവാസ കേന്ദ്രം 2004ൽ തുടങ്ങിയത്. എന്നാൽ, ഇന്ന് മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് മംഗളാപുരം ചേന്നനാട്ട് ഒന്നേമുക്കാൾ ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മഹത്തായ സ്ഥാപനമാണ്.
ഇരുനിലകളുള്ള വലിയ കെട്ടിടത്തിലാണ് അന്തേവാസികൾ താമസിക്കുന്നത്. കുടാതെ ഓഫീസ് കെട്ടിടം, പ്രത്യേക വിശ്രമ ഹാൾ, ഭക്ഷണം കഴിക്കാനുള്ള ഹാൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
54 അന്തേവാസികളാണുള്ളത്. ദിവസേന 11000 രൂപയോളം ചെലവുവരുന്ന ഈ സ്ഥാപനം ഉദാരമതികളുടെ സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
സജിമോനും ഹരിയുമാണ് അന്തേവാസികളുടെ കാര്യങ്ങൾ നോക്കുന്നത്.
ആരോഗ്യകാരങ്ങൾ നോക്കാൻ സോഷ്യൽ വർക്കറും നഴ്സും ജീവനക്കാരായുണ്ട്.
വളവനാട്ടെ ഗവ.എഫ്.എച്ച്.സിയിലെ ഡോക്ടറുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനവും ലഭ്യമാണ്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ.അമൽ, പരുമല ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധൻ ഡോ.സേതു എന്നിവരും സഹായത്തിന് എത്തുന്നുണ്ട്.
പലരെയും വീട്ടുകാർ തന്നെയാണ് ഇവിടെ കൊണ്ടാക്കിയത്. ജാതി, മത, ഭാഷയുടെ അതിർ വരമ്പുകളില്ലാതെ ഒരു കുടുബമായി, ഒരുകൂട്ടം മനുഷ്യർ ഈ സ്നേഹത്തണലിൽ സന്തോഷത്തോടെ ജീവിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |