ആലപ്പുഴ: സ്കൂളിലും കോളേജിലുമെത്താൻ ഇന്നുമുതൽ ബസ് കാത്ത് മുഷിയേണ്ട. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധിക ട്രിപ്പുകൾ ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തിരുവല്ല, ചേർത്തല, ആരൂർ ഭാഗത്തേക്കായി 13 അധിക ട്രിപ്പുകളാണ് നടത്തുക. നിലവിൽ 74 സർവീസുകളാണ് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് നടത്തുന്നത്. ഇതിൽ തിരുവല്ല ഭാഗങ്ങളിലേക്ക് 8 ട്രിപ്പുകളും അരൂർ, തോപ്പുംപടി ഭാഗങ്ങളിലേക്ക് 6 ട്രിപ്പുകളുമാണ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര മുൻ നിറുത്തി സർവീസ് നടത്തുന്ന എല്ലാ ബസുകളും വൃത്തിയാക്കുകയും പോരായ്മകളെല്ലാം ഇതിനകം പരിഹരിച്ചതായും അധികൃതർ പറഞ്ഞു. ബസുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കലവൂർ ഭാഗത്തേക്ക് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തും. വെള്ളപ്പൊക്കത്തെ തുടർന്ന് നിർത്തിവച്ച അമ്പലപ്പുഴ-തിരുവല്ല ബസ് സർവീസ് പുന:രാരംഭിച്ചു.
കൺസഷന് അപേക്ഷിക്കാം
പുതിയ അദ്ധ്യയന വർഷത്തേക്കുള്ള കൺസഷന് അടുത്ത ദിവസം മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിച്ചുതുടങ്ങാം. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ആധാർകാർഡ്, റേഷൻ കാർഡ്, സ്കൂൾ ഐഡന്റിറ്റി കാർഡ്, ഫോട്ടോ എന്നിവ സഹിതം ഓൺലൈനിൽ അപേക്ഷിക്കാം. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കൾ നികുതി അടച്ചതിന്റെ രേഖയും സമർപ്പിക്കണം.
സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളക്കെട്ട് ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മഴ മാറിയതോടെ തീരുമാനിച്ച എല്ലാ ട്രിപ്പുകളും നടത്തും
- എ. അജിത്, ആലപ്പുഴ എ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |