നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ: സംസ്ഥാനം പക്ഷിപ്പനി വിമുക്തമായെന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വിജ്ഞാപനത്തിന്റെ ആശ്വാസത്തിലാണ് താറാവ് - കോഴി കർഷകർ. പക്ഷിപ്പനിയെത്തുടർന്ന് വർഷങ്ങളായി കടത്തിലും ദുരിതത്തിലും കഴിയുന്ന കർഷകർ വരുന്ന ക്രിസ്മസ്-ന്യൂ ഇയർ സീസണിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കേന്ദ്രവിജ്ഞാപനം വന്നതോടെ പക്ഷികളെ വളർത്തുന്നതിനും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുമുള്ള നിയന്ത്രണങ്ങളെല്ലാം നീങ്ങി. 2024ൽ പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകളിലെ 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതിൽ 30ഉം ആലപ്പുഴയിലായിരുന്നു. പ്രഭവകേന്ദ്രങ്ങളിൽ തുടർച്ചയായി നടത്തിയ സാമ്പിൾ പരിശോധനയിലാണ് കേരളത്തിൽ നിലവിൽ രോഗമില്ലെന്ന് ഉറപ്പാക്കിയത്. ഏപ്രിലിൽ ദേശാടനപ്പക്ഷികളുടെ സീസണും അവസാനിച്ചതോടെ പെട്ടെന്ന് രോഗവ്യാപനത്തിനുള്ള സാദ്ധ്യതകളില്ലാതായി. പ്രഭവകേന്ദ്രങ്ങൾക്ക് സമീപം പക്ഷികളെ വളർത്തുന്നതും വിൽക്കുന്നതും ഇറച്ചി, മുട്ട തുടങ്ങിയവയുടെ കച്ചവടം സർക്കാർ നിരോധിക്കുകയും പ്രതിരോധത്തിന്റെ പേരിൽ വളർത്തുപക്ഷികളെ പൂർണമായും കൊന്നൊടുക്കുകയും ചെയ്തിരുന്നു.
നഷ്ടപരിഹാരത്തുകയിൽ കുടിശിക
2024 ഏപ്രിലിലെ പക്ഷിപ്പനിയിൽ കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം 50ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് നൽകേണ്ടത്. ഇതിൽ രണ്ടുമാസത്തിലധികം വളർച്ചയുള്ളവയ്ക്ക് 200 രൂപ വീതവും അതിന് താഴെയുള്ളവയ്ക്ക് നൂറ് രൂപവീതവുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിൽ 12ശതമാനം കുറച്ചാണ് (200 രൂപ ലഭിക്കേണ്ടിടത്ത് 176 രൂപ) നൽകിയത്. ശേഷിക്കുന്ന തുക മാർച്ചിൽ നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല.
കുടിശിക കിട്ടേണ്ട കർഷകർ (ജില്ലഅടിസ്ഥാനത്തിൽ)
ആലപ്പുഴ.......................899
പത്തനംതിട്ട.................. 48
കോട്ടയം........................213
പക്ഷിപ്പനി 2024ൽ
ചത്ത പക്ഷികൾ ........ 63,208
കൊന്നൊടുക്കിയത്..... 1,92,628 പക്ഷികൾ
നശിപ്പിച്ച തീറ്റ .................99,104 കിലോ
നശിപ്പിച്ച മുട്ട.................. 41,162 എണ്ണം
നഷ്ടപരിഹാര കുടിശികയും പക്ഷിപ്പനി പ്രതിരോധത്തിനുള്ള വാക്സിനും ലഭ്യമാക്കുന്നതിനെപ്പറ്റി സംസാരിക്കാൻ പലതവണ മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും വിളിച്ചെങ്കിലും ബെല്ല് കേൾക്കുമ്പോഴേ ഫോൺ കട്ട് ചെയ്യും
-കെ.ശാമുവൽ, ഐക്യതാറാവ് കർഷകസംഘം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |