ആലപ്പുഴ: പതിവിലും നേരത്തെയെത്തിയ കാലവർഷവും വെള്ളപ്പൊക്കകെടുതിയും കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിതയ്ക്ക് തിരിച്ചടി. ജൂൺ ആദ്യവാരം വിത പൂർത്തിയാക്കേണ്ട പാടങ്ങളിൽ കളകിളിർപ്പിക്കാനുള്ള വെള്ളം വറ്റിക്കലാണ് ഇപ്പോൾ നടക്കുന്നത്. കളകിളിർത്താൽ കളനാശിനി പ്രയോഗിച്ച് വീണ്ടും വെള്ളം കയറ്റിനിർത്തി അത് വറ്റിച്ച് വിത തുടങ്ങാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂലായ് പകുതിയെങ്കിലുമാകും. 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഡി.1 (ഉമ)ആണ് കൃഷിയെങ്കിലും മഴക്കാലമായതിനാൽ അത് മൂപ്പെത്താൻ 120 ദിവസമെങ്കിലുമെടുക്കും.രണ്ടാം കൃഷി ഒരുമാസത്തോളം വൈകുമ്പോൾ പുഞ്ച കൃഷിയെയാണ് അത് കൂടുതലായി ബാധിക്കുക.
കുട്ടനാട്ടിൽ ഏറ്റവുമധികം രണ്ടാം കൃഷിയുളളത് നെടുമുടി പഞ്ചായത്തിലാണ്. 36 പാടശേഖരങ്ങളിൽ 34ലും പുഞ്ചകൃഷിയുണ്ട്.തകഴി, കൈനകരി, ചമ്പക്കുളം പ്രദേശങ്ങളിൽ വ്യാപകമല്ലെങ്കിലും രണ്ടാം കൃഷിയുണ്ട്.ഇവിടങ്ങളിലെല്ലാം വിത വൈകിയത് അടുത്ത കൃഷിയെ കാര്യമായി ബാധിക്കാനാണ് സാദ്ധ്യത.
രണ്ടാം കൃഷിയുടെ വിളവെടുപ്പ് സമയമാകുമ്പോഴുണ്ടാകുന്ന വൃശ്ചിക വേലിയേറ്റം വൻതോതിലുള്ള കൃഷി നാശത്തിന് വഴിവയ്ക്കും.തണ്ണീർമുക്കം,തോട്ടപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഉപ്പുവെള്ളം ബണ്ടുകൾ തകർന്ന പാടങ്ങളിലേക്ക് കയറിയാൽ വൻവിളനഷ്ടത്തിനാകും വഴിവയ്ക്കുക.
മഴചതിച്ചു, വിത്തെത്തിയില്ല
1.കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ പണംപോലും ഇനിയും ലഭ്യമായിട്ടില്ലെന്നിരിക്കെ വിതയ്ക്കുള്ള വിത്തും കൃഷി വകുപ്പ് കർഷകർക്ക് ലഭ്യമാക്കിയിട്ടില്ല. നെടുമുടിയിലെ 36 പാടങ്ങളിൽ നാലോ അഞ്ചോ പാടങ്ങളിലാണ് വിത്ത് വിതരണം നടന്നത്. ഏക്കറിന് 40 കിലോവിത്താണ് കൃഷി വകുപ്പ് സൗജന്യമായി നൽകുന്നത്
2.നെല്ലിന്റെ പണം കിട്ടാത്ത കർഷകർ ഇനി വിത്തിന് കൂടി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. കർഷകരെ ചൂഷണം ചെയ്യാൻ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിത്തെത്തിച്ച് നൽകുന്ന ഏജന്റുമാർ കുട്ടനാട്ടിൽ വട്ടം ചുറ്റുന്നുണ്ട്. കിലോയ്ക്ക് 46മുതൽ 48 രൂപവരെയാണ് ഇവർ ഈടാക്കുന്നത്
3.ഡിസംബർ ആദ്യമാണ് പുഞ്ചകൃഷിക്ക് വിതയ്ക്കേണ്ടത്.ഡിസംബറിൽ പുഞ്ചകൃഷി ആരംഭിച്ചാൽ തന്നെ ഏപ്രിൽ,മേയ് മാസങ്ങളിലെ കൊടും ചൂടും ഉഷ്ണതരംഗവും വൻ തോതിലുള്ള കൃഷി നാശത്തിനാണ് ഇടയാക്കും. ഇപ്പോഴത്തെ നിലയിൽ ഡിസംബറിൽ പുഞ്ചകൃഷി ആരംഭിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്
4.അങ്ങനെ സംഭവിച്ചാൽ രണ്ട് കൃഷി ചെയ്തുവന്ന പാടങ്ങളിലെ കർഷകരിൽ പലർക്കും പുഞ്ച കൃഷി ഉപേക്ഷിക്കേണ്ടി വരും.പതിവിലും നേരത്തെയെത്തിയ കാലവർഷവും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്
കാലാവസ്ഥയിലെ മാറ്റം കൃഷി തകിടം മറിച്ചു. വിത കഴിയേണ്ടിടത്ത് ഇപ്പോൾ കളകിളിർപ്പിക്കുന്നതേയുള്ളൂ. എങ്ങനായാലും ജൂലായ് പകുതിയിലേ വിത പൂർത്തിയാകൂ.വിളവെടുപ്പ് വൈകുന്നത് പുഞ്ചകൃഷിയെയും ബാധിക്കും.
-ലാലിച്ചൻ പള്ളിവാതുക്കൽ,പൊങ്ങപ്പാടം
മഴകാരണമാണ് വിത്തെത്തിക്കാൻ വൈകിയത്. ഈ ആഴ്ച എല്ലാ കൃഷി ഭവനുകളിലും വിത്ത് വിതരണം പൂർത്തിയാകും
-ജില്ലാ കൃഷി ഓഫീസർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |