ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത മഴയിലും കാറ്റിലും വാഴ, നെൽ കർഷകർക്കുണ്ടായത് കനത്ത നഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തതുൾപ്പെടെ കുലച്ചതും കുലയ്ക്കാത്തതുമായ 18,398 വാഴകളാണ് മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ
നിലംപൊത്തിയത്. രണ്ടാം കൃഷിയായി കുട്ടനാട്ടിലുൾപ്പെടെ വിളവിറക്കിയ 41 ഹെക്ടറിലെ നെൽകൃഷിയും നശിച്ചു.
പെയ്ത്തുവെളളത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതാണ് ജില്ലയിലെ താഴ്ന്ന സ്ഥലങ്ങളിലുൾപ്പെടെ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാക്കിയത്. ആറുകളും നദികളും കരകവിഞ്ഞത് തീരപ്രദേശങ്ങളിലെ കരകൃഷിക്കും ജില്ലയിലെ കിഴക്കൻ ഗ്രാമങ്ങളിലെ പച്ചക്കറികൃഷിക്കും വിനയായി. മഴയ്ക്കൊപ്പം വീശിയടിച്ച അതിശക്തമായ കാറ്റാണ് വാഴകൾ കൂട്ടത്തോടെ നിലംപൊത്താൻ ഇടയാക്കിയത്.
താങ്ങുനൽകിയതും അല്ലാത്തതുമായ വാഴകൾ പലയിടത്തും ഒന്നാകെ നിലംപതിച്ചു. പച്ചക്കറികൃഷിയുടെ പന്തൽ വീണ് പാവൽ, പടവലം, പയർ, തുടങ്ങിയവ നശിച്ചപ്പോൾ, വെള്ളക്കെട്ടാണ് കിഴങ്ങുവർഗങ്ങൾക്കും വെണ്ട, പച്ചമുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയ ഇനങ്ങൾക്കും വിനയായത്. വയൽക്കരകളിലെയും പറമ്പുകളിലേതുമുൾപ്പെടെ തെങ്ങുകൾക്കും നാശമുണ്ടായിട്ടുണ്ട്. കാറ്രിൽ കടപുഴകിയാണ് തെങ്ങുകൾ നശിച്ചത്.
കൂടുതൽ നഷ്ടം നെൽ, വാഴ കൃഷിയിൽ
പച്ചക്കറി, നെൽ, വാഴ, തെങ്ങ് കർഷകർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭ്യമാകുമെന്നത് ആശ്വസകരമാണ്
എന്നാൽ, ഓണവിപണി ലക്ഷ്യമാക്കി പുഷ്‌പകൃഷിയിൽ വ്യാപൃതരായ കർഷകർക്ക് അതിൽ പ്രതീക്ഷവേണ്ട
പുഷ്‌പകൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തതിനാൽ ഏക്കറുകണക്കിന് കൃഷി നടത്തുന്നവർ മഴക്കെടുതികളിൽ ആശങ്കയിലാണ്
കഴിഞ്ഞ വർഷം തരക്കേടില്ലാത്ത വരുമാനം ലഭിച്ചതോടെ നിരവധിപേർ ഇത്തവണയും പുഷ്‌പകൃഷിയിൽ സജീവമാണ്
ജില്ലയിൽ ആകെ കൃഷിനാശം
₹2.10 കോടി
കൃഷി നാശം
(വിള, വിസ്തൃതി (ഹെക്ടറിൽ), കർഷകർ, നഷ്ടം (ലക്ഷത്തിൽ) )
വാഴ: 7.36... 612........₹92.83
പച്ചക്കറി: 5.46...88... ₹2.40
നെല്ല്: 41...64............ ₹61.50
കിഴങ്ങ് വർഗം: 6.24...58.. ₹2.81
തെങ്ങ് : 265 എണ്ണം... 17... ₹7.95
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാലവർഷവും വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായിരിക്കെ പുഷ്പകൃഷിക്ക് കൂടി ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണം
-ശരത്, പുഷ്പകൃഷിക്കാരൻ
പുഷ്പകൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണ്. വരും വർഷങ്ങളിൽ ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താനാവശ്യമായ നടപടിയെടുക്കും
- പി.പ്രസാദ്, കൃഷി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |