ആലപ്പുഴ: നവകേരള സദസ്സിലുയർന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 63 കോടി രൂപയുടെ വികസന പദ്ധതികളുടെ അന്തിമ പട്ടിക അംഗീകരിച്ച് ഉത്തരവായി.
പട്ടണക്കാട് ബ്ലോക്കിലെ അതിർത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും തോടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും നാല് കോടി രൂപയുടെയും തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും റോഡുകളുടെ സംരക്ഷണഭിത്തിക്കുമായി മൂന്നു കോടി രൂപയുടെയും പദ്ധതികൾക്കും അംഗീകാരമായി.
ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല. ചേർത്തലയിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന് ഏഴു കോടി രൂപയുടെ പദ്ധതി. നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഹരിതം ഹരിപ്പാട് രണ്ടാംഘട്ടത്തിന് 5.50 കോടിയുടെയും പ്രതിമുഖം- ചൂരല്ലാക്കൽ റോഡ് നിർമ്മാണത്തിന് 1.50 കോടിയുടെയും പദ്ധതികൾ അംഗീകരിച്ചു.
ജില്ലാ ഓട്ടിസം സെന്ററിന് പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കാൻ മൂന്നു കോടി, കായംകുളം കുന്നത്താലും കടവ് റോഡ് നിർമ്മാണത്തിന് നാലു കോടി രൂപയും അംഗീകരിച്ചു.
ചാരുംമൂട്-ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം കോട്ടമുക്ക് റോഡ് (ബി.എം.ബി.സി ) നിർമ്മാണത്തിന് 4.75 കോടി രൂപയും ഗുരുനാഥൻകുളങ്ങര- കണ്ണനാംകുഴി പാലക്കൽ റോഡിന് (ബി എം ബി സി ) 2.25 കോടി രൂപയും ഉൾപ്പെടുത്തി. മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നിർമ്മാണത്തിന് 5.30 കോടി, ഗുരു ചെങ്ങന്നൂർ സാംസ്കാരിക സമുച്ചയ നിർമ്മാണത്തിന് 1.70 കോടി എന്നിവയാണ് അംഗീകരിച്ച മറ്റ് പദ്ധതികൾ.
നെഹ്റു പവലിയന് ഏഴുകോടി
# ആലപ്പുഴ നെഹ്റു പവലിയനും അതിനോടനുബന്ധിച്ച് അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് ഏഴുകോടി രൂപ. ടൂറിസം വകുപ്പിനാണ് ചുമതല
# ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതിയ ഐ. പി ബ്ലോക്ക് നിർമ്മാണത്തിന് ഏഴ് കോടി രൂപ. നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിന്
# വെള്ളാമത്ര തേവർക്കാട് റോഡ് നിർമ്മാണത്തിന് 5.50 കോടി, മുട്ടാർ റോഡ് ഉയർത്തലിന് 1.50 കോടി എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റ് പദ്ധതികൾ. പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |