ആലപ്പുഴ: ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും സംയുക്ത പരിശോധന സ്ക്വാഡ് ഊർജ്ജിതമാക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉപഭോക്ത സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, റവന്യൂ, പൊലീസ്, ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ, അമിത വില ഈടാക്കൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടിയെടുക്കും.
വെളിച്ചെണ്ണയിലെ മായം ചേർക്കലുമായും ഗ്യാസ് സിലിണ്ടർ വിതരണവുമായും
ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും തീരുമാനിച്ചു. ഓണക്കാലത്ത് പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോ വഴി സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ഡി.സി.ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.മായാദേവി, സി.ഡി.ആർ.സി അസിസ്റ്റൻറ് രജിസ്ട്രാർ റസിയ ബീഗം, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |