
ആലപ്പുഴ : ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഭീഷണിയാകുന്നു. കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിലെ പാടങ്ങളിൽ രോഗലക്ഷണം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം (കെ.സി.പി.എം) അറിയിച്ചു. 35 മുതൽ 85 ദിവസം വരെ നെൽച്ചെടികൾ പ്രായമായ പാടശേഖരങ്ങളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. പ്രാരംഭത്തിൽ തന്നെ പാടശേഖരാടിസ്ഥാനത്തിൽ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ രോഗം ഫലപ്രദമായി നിയന്ത്രണവിധേയമാക്കാനാകും. വെള്ളവും വളവുമൊക്കെ വലിച്ചെടുക്കുന്ന ചെടിയുടെ നാളികളിൽ ബാക്ടീരിയൽ കോശങ്ങൾ നിറയുന്നത് വെള്ളത്തിന്റെയും മൂലകങ്ങളുടെയും മുകളിലേയ്ക്കുള്ള ആഗിരണം തടസ്സപ്പെടുത്തും. ഇതിന്റെ ബാഹ്യലക്ഷണമാണ് ഇലകരിച്ചിൽ.
പൊട്ടാസ്യം, സിലിക്ക എന്നീ മൂലകങ്ങൾ രോഗ പ്രതിരോധത്തിന് ഫലപ്രദമാണ്. 13:0:45 തളിവളം 10 ലിറ്ററിന് 100 ഗ്രാം, 25 മില്ലി സിലിക്ക, 4 മില്ലി ഫിൽവെറ്റ്/ടീപോൾ എന്നിവ ചേർത്ത് തളിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. തുടർച്ചയായി വെളളം കെട്ടിനിൽക്കാതെ ഇടയ്ക്കിടെ വെള്ളം വറ്റിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കും. എന്നാൽ അമ്ലത കൂടുതലുള്ള നിലം അധികം ഉണങ്ങാതെ ശ്രദ്ധിക്കണം.
പ്രാരംഭത്തിൽ നിയന്ത്രിക്കണം
പച്ചച്ചാണകം കിഴികെട്ടി തൂമ്പു ഭാഗത്ത് ഇടുകയോ, ചാണക സ്‌ളറി പാടശേഖരത്തിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം
ബ്ലീച്ചിംഗ് പൗഡർ ഏക്കറിന് രണ്ട് കിലോഗ്രാം എന്ന തോതിൽ ചെറിയ മസ്‌ലിൻ കിഴികളിലാക്കി വെള്ളം കയറ്റുന്ന സ്ഥലങ്ങളിൽ വെയ്ക്കാം.
പ്രാംരംഭ ഘട്ടത്തിൽ ബ്രോണോപോൾ 100 ശതമാനം (ബയോനോൾ) 5 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ, 3 മില്ലി ഫിൽവെറ്റ്/ടീപോൾ (പശ) കൂടി ചേർത്ത് തളിച്ചു കൊടുക്കാം
കൂടുതൽ വ്യാപിച്ചാൽ സ്ട്രപ്‌റ്റോസൈക്ലിൻ രണ്ട് ഗ്രാം, കോപ്പർ ഓക്‌സീക്ലോറൈഡ് മൂന്ന് ഗ്രാം എന്നിവ ഓരോന്നും 10 ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ കലക്കി 10 ലിറ്ററിന് മൂന്ന് മില്ലി ഫിൽവെറ്റ്/ടീപോൾ കൂടി ചേർത്ത് തളിക്കാം
ഇപ്പോഴത്തെ കാലാവസ്ഥ രോഗവ്യാപനത്തിന് അനുകൂലമാണ്. മഴയിലൂടെയും കാറ്റിൽ ഇലത്തുമ്പുകൾ തമ്മിലുരസുന്നതു വഴിയും വെള്ളത്തിലൂടെയും രോഗവ്യാപനം നടക്കും.
- കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |