ആലപ്പുഴ: കുട്ടികൾക്കായി ചുമ സിറപ്പ് വാങ്ങുന്ന അമ്മമാർ മധുരം കൂടിയ സിറപ്പ് നിരന്തരം ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാൻ ബോധവത്ക്കരണം നൽകണമെന്ന് ഫാർമസി മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു. കുട്ടി മരുന്ന് കുടിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അമ്മമാർ മധുരമുള്ള സിറപ്പ് ചോദിച്ചെത്താറുള്ളതെന്ന് മെഡിക്കൽ സ്റ്റോർ ഉടമകൾ പറഞ്ഞു.
ഡോക്ടർ എഴുതിയ സിറപ്പാണെങ്കിൽ പോലും പതിവ് ചോദ്യം അമ്മമാരിൽ നിന്ന് ഉയരും. കഫം ഇല്ലായ്മ ചെയ്യാനുള്ള രാസ ഘടകങ്ങൾക്ക് കയ്പ്പാണ്. ഇത് കുട്ടികളിൽ ഓക്കാനവും ഛർദിയും ഉണ്ടാക്കും.ഈ കയ്പ്പ് രസം മറികടക്കാനാണ് മധുരം നൽകുന്ന ഘടകങ്ങൾ കമ്പനികൾ സിറപ്പുകളിൽ ചേർക്കുന്നത്.
അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെയും, പഴയ കുറിപ്പടി ഉപയോഗിച്ചും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് ഡ്രഗ്സ് കൺട്രോളർ വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
അപകടകരമായ ചേരുവ
1. ഗ്ലിസറിൻ അല്ലെങ്കിൽ പ്രൊപിലീൻ ഗ്ലൈക്കോൾ പോലെയുള്ള സുരക്ഷിതമായ ഫാർമസ്യൂട്ടിക്കൽ ചേരുവകൾക്ക് പകരമായി ചില ഫാർമ കമ്പനികൾ ഡൈ എത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) ഉപയോഗിക്കും
2. ഈ ഘടകത്തിന്റെ അമിത മധുരവും സാമ്പത്തിക ലാഭവുമാണ് ഡി.ഇ.ജി തിരഞ്ഞെടുക്കുവാൻ ചില കമ്പനികളെ പ്രേരിപ്പിക്കുന്നത്
3. ഉത്തരേന്ത്യയിൽ ചുമ മരുന്ന് കഴിച്ച് മരണപ്പെട്ട കുട്ടികളുടെ ഉള്ളിൽ മരുന്നിലൂടെ ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൈ എത്തിലീൻ ഗ്ലൈക്കോൾ
ഡൈ എത്തിലീൻ ഗ്ലൈക്കോൾ പെയിന്റ്റ്, മഷി, വണ്ടികളിലെ ബ്രേക്ക് ഫ്ലൂയിഡ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു വ്യാവസായിക രാസ പദാർത്ഥമാണ്. വായിലൂടെ കഴിക്കുന്ന പല ഫാർമസ്യൂട്ടിക്കൽ സിറപ്പുകളിലും കൂടുതൽ മധുരം കിട്ടുന്നതിനായി ഡി.ഇ.ജി ഉപയോഗിക്കുന്നു. എന്നാൽ ഇതിന്റെ അളവ് കൂടിയാൽ കഠിനമായ വൃക്ക തകരാറിനു കാരണമാകും.
കുട്ടികൾക്ക് മധുരമുള്ള സിറപ്പ് വേണമെന്ന് അമ്മമാർ നിർബന്ധം പിടിക്കുന്നത് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പതിവായി കാണുന്നതാണ്. വിശദമായ ബോധവത്ക്കരണമാണ് ഇക്കാര്യത്തിൽ ആവശ്യം
-സനൽ.സി, ഫാർമസിസ്റ്റ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |