തുറവൂരിന്റെ മുന്നേറ്റം
ആലപ്പുഴ : റവന്യൂ ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും കുതിച്ചുകയറി തുറവൂർ ഉപജില്ല. 517 പോയിന്റോടെയാണ് തുറവൂരിന്റെ മുന്നേറ്റം. 499 പോയിന്റുമായി ചേർത്തലയും മാവേലിക്കരയുമാണ് രണ്ടാമത്. 492 പോയിന്റോടെ അതിഥേയരായ ആലപ്പുഴ മൂന്നാമതുണ്ട്.
സ്കൂളുകളിൽ 181പോയിന്റോടെ മാന്നാർ നായർ സമാജം എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. 137 പോയിന്റുമായി തുറവൂർ ടി.ഡി എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ.
നൃത്തമത്സരങ്ങൾ നിറഞ്ഞാടിയ മൂന്നാംദിനം തർക്കത്തിനും ഒട്ടും കുറവുണ്ടായില്ല. സംഘനൃത്തം, പരിചമുട്ട് കളി, കുച്ചിപ്പുടി, ഒപ്പന മത്സരങ്ങളുടെ വേദിയിലാണ് തർക്കങ്ങളും പ്രതിഷേധവും അരങ്ങേറിയത്.
മൂന്നാംദിനത്തിലെ ജനപ്രിയ ഇനമായ ഒപ്പന കാണാൻ കാണികളുടെ എണ്ണം കുറവായിരുന്നത് മത്സരാർത്ഥികളെ നിരാശരാക്കിയെങ്കിലും ടീമുകളുടെ പ്രകടനം ഒന്നിനൊന്ന് മികച്ചുനിന്നു. എച്ച്.എസ് വിഭാഗം ഒപ്പന മത്സരത്തിനിടെ രണ്ട് കുട്ടികൾ സ്‌റ്റേജിൽ തെന്നിവീണതോടെ അരമണിക്കൂർ മത്സരം നിറുത്തിവച്ചു.
ലിയോതേർട്ടീന്ത് സ്കൂളിലെ ഒന്നാംവേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനം സംഘർഷാവസ്ഥയ്ക്ക് നടുവിലാണ് നടന്നത്. വിധികർത്താക്കൾക്കുനേരെ സ്കൂളുകളിൽ നിന്നെത്തിയ സംഘം കൂകി വിളിച്ചു. തുടർന്ന് മത്സരഫലത്തിനെതിരെ കുട്ടികൾ പ്രതിഷേധിച്ചു. ലിയോതേർട്ടീന്തിലെ രണ്ടാം വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനവും പ്രതിഷേധത്തിലാണവസാനിച്ചത്. വിദ്യാർത്ഥികൾ വേദിയിൽ പ്രതിഷേധിക്കുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ ചേർത്തല എസ്.എൻ പുരം എസ്.എൻ ട്രസ്റ്റ് എച്ച്. എസ്.എസ് ഒന്നാമതെത്തി.
പരിചയമുട്ട് ഹൈസ്കൂൾ വിഭാഗം മത്സരത്തിന്റെ വിധിനിർണയവും തർക്കത്തിനിടയാക്കി. കർമ്മസദൻവേദിയിൽ നടന്ന എച്ച്.എസ് വിഭാഗം പരിചമുട്ട് മത്സരത്തിൽ പതിവായി വിജയിക്കുന്ന ടീമിന് ഒന്നാംസ്ഥാനം കിട്ടാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം. ഗോത്രകലകളായ മലയപ്പുലയാട്ടവും മംഗലംകളിയും മികവ് പുലർത്തി. കലോത്സവത്തിൽ ഇതുവരെ 48 അപ്പീലുകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 24 അപ്പീലുകൾ ലഭിച്ചു. നാലാം ദിവസമായ ഇന്ന് മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, കോൽക്കളി, മിമിക്രി എന്നിവ വിവിധ വേദികളിൽ അരങ്ങേറും.
പോയിന്റ് പട്ടിക
തുറവൂർ - 517
ചേർത്തല:499
മാവേലിക്കര: 499
ആലപ്പുഴ : 492
കായംകുളം- 483
ചെങ്ങന്നൂർ- 475
ഹരിപ്പാട്- 404
അമ്പലപ്പുഴ- 374
തലവടി- 313
മങ്കൊമ്പ്- 301
വെളിയനാട്- 105
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |