
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിച്ചു വന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘ബോസ് ജിത്തു’ എന്നറിയപ്പെടുന്ന വിഷ്ണു (22) ചെങ്ങന്നൂരിനടുത്ത് കുളനടയിൽ പിടിയിലായി. 4ന് ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിൽ അമൃത ട്രെയിനിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശത്തുനിന്ന് 9 പവൻ സ്വർണം, ലാപ്ടോപ്പ്, മൂന്ന് മൊബൈൽ ഫോണുകൾ ഉൾപ്പെടെ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മോഷണവസ്തുക്കൾ അന്വേഷണ സംഘം കണ്ടെടുത്തു. മോഷ്ടിച്ച സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്ക് മറിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. മാസ്ക് ധരിച്ചാണ് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ബാഗുകൾ മോഷ്ടിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്ന് ആർ.പി.എഫ് അറിയിച്ചു. ആർ.പി.എഫ് ഡിവിഷണൽ കമ്മീഷണർമാരായ മുഹമ്മദ് ഹനീഫ, നവീൻ പ്രശാന്ത് എന്നിവരുടെ പ്രത്യേക നിർദേശപ്രകാരം തിരുവനന്തപുരം ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ., ജി.പി.ആർ.എസ്.ഐ പ്രവീൺ കെ.ജെ., സബ് ഇൻസ്പെക്ടർമാരായ പ്രെയ്സ് മാത്യു ദീപക്, ഫിലിപ്സ് ജോൺ, ജ്ഞാനാനന്ദ്, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ് എസ്.വി., വിപിൻ ജി., സവിൻ, ബാബു, പ്രവീൺ, ശ്രീഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |