
പരാതി നൽകിയത് ട്യൂഷൻ അദ്ധ്യാപകൻ
തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ ബസ് നിറുത്താൻ ആവശ്യപ്പെട്ട യാത്രക്കാരനെ സ്വിഫ്റ്റ് ബസ് ഡ്രൈവർ മദ്യപാനിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതി. ട്യൂഷൻ അദ്ധ്യാപകനായ മങ്കാട്ടുകടവ് സ്വദേശി എം.ആർ.ഉണ്ണികൃഷ്ണൻ നായരാണ് വികാസ്ഭവൻ ഡിപ്പോ അധികൃതർക്ക് പരാതി നൽകിയത്.
ട്യൂഷൻ പഠിപ്പിച്ച ശേഷം ബുധനാഴ്ച (7ന്) രാത്രി 9.20തോടെ മുറിഞ്ഞപാലത്ത് നിന്നാണ് ഉണ്ണികൃഷ്ണൻ നായർ സ്വിഫ്റ്റ് ഇലക്ട്രിക് ബസിൽ കയറിയത്. വികാസ്ഭവൻ ഡിപ്പോയിലെ ബസിന്റെ അവസാന സർവീസായതിനാൽ കല്യാണിന് മുന്നിലാണ് അവസാന സ്റ്റോപ്പ്. എൽ.എം.എസ് ജംഗ്ഷനിൽ മറ്റുള്ള യാത്രക്കാർ ഇറങ്ങി.
മങ്കാട്ടുകടവ് ഭാഗത്തേക്കുള്ള ബസിനായി ബേക്കറി ജംഗ്ഷനിലേക്ക് പോകാനുള്ള ഉണ്ണികൃഷ്ണനും മറ്റൊരാളുമുണ്ടായിരുന്നു. പബ്ലിക് ലൈബ്രറിക്ക് മുന്നിലെ സിഗ്നലിലെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ നായർ ഡ്രൈവറോട് കല്യാൺ സിൽക്സിന് മുന്നിൽ നിറുത്തണമെന്ന് ആവശ്യപ്പെട്ടു. നിങ്ങൾ എന്താണ് തൊട്ട് മുന്നിലുള്ള സ്റ്റോപ്പിൽ ഇറങ്ങാത്തതെന്നായി ഡ്രൈവറുടെ ചോദ്യം. ബേക്കറി ജംഗ്ഷൻ ഭാഗത്തേക്കാണ് പോകാനുള്ളതെന്നും കല്യാൺ സിൽക്സിന് മുന്നിൽ നിന്നാണല്ലോ ബസ് വികാസ്ഭവനിലേക്ക് തിരിയുന്നതെന്നും ഉണ്ണികൃഷ്ണൻ നായർ തിരിച്ചുചോദിച്ചു. ഇതിൽ പ്രകോപിതനായ ഡ്രൈവർ നീ മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് ആക്രോശിച്ചു. സിഗ്നലിൽ നിറുത്തിയിരുന്ന ബസിന്റെ ഡ്രൈവർ സീറ്റിൽ നിന്നെഴുന്നേറ്റ് തന്നെ മർദിക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറെത്തിയാണ് തന്നെ മാറ്റി നിറുത്തിയതെന്നും പരാതിയിലുണ്ട്. തുടർന്ന് കല്യാണിന് മുന്നിൽ ബസ് നിറുത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ ഇരുവരെയും ഇറക്കി. യാത്രക്കാരോട് സൗമ്യമായി പെരുമാറുന്നതിന് പകരം ഗുണ്ടായിസം കാട്ടിയ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അദ്ധ്യാപകന്റെ ആവശ്യം.
ടിക്കറ്റ് നഷ്ടമായി, റൂട്ട് വ്യക്തം!
പരാതിയുമായെത്തിയ ഉണ്ണികൃഷ്ണൻ നായരോട് അധികൃതർ ടിക്കറ്റ് ചോദിച്ചെങ്കിലും അവിചാരിതമായ സംഭവത്തിനിടെ ടിക്കറ്റ് സൂക്ഷിക്കാൻ മറന്നു.എന്നാൽ പോത്തൻകോട് നിന്ന് വികാസ്ഭവനിലേക്കുള്ള ബസ് സാധാരണ കേശവദാസപുരം വഴിയാണ് പോകാറുള്ളതെന്നും ബുധനാഴ്ച മെഡിക്കൽ കോളേജ് ഭാഗത്ത് ബസ് സർവീസ് കുറവായതിനാൽ പ്രത്യേക നിർദ്ദേശത്തിൽ റൂട്ട് മാറ്റിവിട്ടതാണെന്നും യാത്രയ്ക്കിടെ കണ്ടക്ടറുടെ സംഭാഷണത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ കണ്ടെത്താനാകുമെന്നും ബസിലെ സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |