
മാട്രിമോണി സൈറ്റ് വഴി പണംതട്ടൽ
കൊച്ചി: ദാമ്പത്യ ജീവിതം ഭദ്രമാക്കാൻ ക്രിപ്‌റ്റോ ട്രേഡിംഗ് ചെയ്യുന്നത് നല്ലതാണെന്നും തനിക്ക് വലിയൊരു തുക ഇതിലൂടെ സമ്പാദിക്കാനായെന്നും മാട്രിമോണിയിലൂടെ പരിചയപ്പെട്ട 'ഭാവി വധു' പറഞ്ഞപ്പോൾ യുവ ഡോക്ടർ മറ്റൊന്നും ആലോചിച്ചില്ല. ആകെയുണ്ടായിരുന്ന സമ്പാദ്യമായ 37 ലക്ഷം രൂപ യുവതി പറഞ്ഞ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ കണ്ണുംപൂട്ടി നിക്ഷേപിച്ചു. പിന്നാലെ വധു അപ്രത്യക്ഷമായി. ഒപ്പം പണവും!
കൊച്ചി സൈബർ പൊലീസാണ് മാട്രിമോണിയൽ വഴിയുള്ള പുതിയ ട്രേഡിംഗ് തട്ടിപ്പ് അന്വേഷിക്കുന്നത്. കൊച്ചിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ 30കാരനാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ പരാതിയിൽ യു.കെയിൽ താമസിക്കുന്ന തേജസ്വിനി, ഹുദ എന്നിവർക്കെതിരെ കേസെടുത്തു. ഗൗഡ് മാട്രിമോണിയൽ സൈറ്റിൽ വ്യാജ അക്കൗണ്ട് എടുത്തായിരുന്നു തട്ടിപ്പ്. മൂന്ന് വർഷമായി കൊച്ചിയിൽ ജോലി ചെയ്യുകയാണ് ഡോക്ടർ. 2024ന്റെ പകുതിയോടെയാണ് മാട്രിമോണിയിൽ അക്കൗണ്ട് എടുത്തത്. വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് യുവതിയാണ് ആദ്യം സന്ദേശമയച്ചത്. ചാറ്റിംഗിലൂടെ അടുത്തു. പിന്നീട് വാട്‌സ്ആപ്പിലേക്ക് ചാറ്റിംഗ് മാറി.
ഫോട്ടോയും വോയ്‌സുമെല്ലാം അയച്ച് യുവതി ഡോക്ടറെ വിശ്വസിപ്പിച്ചു. പതിയെ ചാറ്റിംഗ് ട്രേഡിംഗിനെക്കുറിച്ചായി സംസാരം. രണ്ടുപേർക്കും നിക്ഷേപമുണ്ടെങ്കിൽ ഭാവി ജീവിതം സുരക്ഷിതമെന്ന് വധു തട്ടിവിട്ടു. ട്രേഡിംഗിൽ താത്പര്യമില്ലാതിരുന്നിട്ടും ഡോക്ടർ ഭാവിയെ ഓർത്ത് സമ്പാദ്യമെല്ലാം ക്രിപ്‌റ്റോയിൽ നിക്ഷേപിക്കാൻ സമ്മതം മൂളി.
ഒമ്പത് തവണകളായി 37,05,000 രൂപ നിക്ഷേപിച്ചു. ഇതിനുശേഷം യുവതി ചാറ്റ് ചെയ്യുകയോ വിളിക്കുകയോ ചെയ്തില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പരാതി നൽകാൻ വൈകിയതിനാൽ 10,000 രൂപ മാത്രമേ സൈബർ പൊലീസിന് മരവിപ്പിക്കാനായുള്ളൂ. നൈജീരിയൻ തട്ടിപ്പ് സംഘമാണ് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. തേജസ്വിനിയും ഹുദയും വ്യാജ പേരാണെന്നും ഇവർ മാട്രിമോണിയൽ സൈറ്റിൽ അക്കൗണ്ട് എടുത്തിട്ടുള്ളത് വ്യാജമെയിൽ ഐഡി ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രായമുള്ളവരെയായിരുന്നു ട്രേഡിംഗ് തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിട്ടിരുന്നത്. ആദ്യമായാണ് മാട്രിമോണിയൽ സൈറ്റ് വഴിയുള്ള തട്ടിപ്പ് പൊലീസിന് മുന്നിലെത്തുന്നത്. ട്രേഡിംഗ്, വെർച്വൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് ഇത്രയധികം ബോധവത്കരണ പരസ്യങ്ങളും മറ്റും നൽകിയിട്ടും യുവഡോക്ടർ തട്ടിപ്പിന് ഇരയായതിന്റെ ഞെട്ടലിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |