
കൊട്ടാരക്കര :അനധികൃതമായി മണ്ണും പാറയും കടത്താൻ ശ്രമിച്ച വാഹനങ്ങൾ കൊട്ടാരക്കര തഹസീൽദാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടി. അഞ്ച് ലോഡ് പാറയും ഒരു ലോഡ് കരമണ്ണുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്. കരീപ്ര, വെളിയം, കായില ഭാഗങ്ങളിൽ നിന്നാണ് പെർമിറ്റ് ലംഘിച്ച് പാറയും മണ്ണും കടത്തിയ ടോറസ് ലോറികൾ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി താലൂക്കിലെ വിവിധ മണ്ണ് ഖനന കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡ് കർശന പരിശോധന നടത്തിവരികയായിരുന്നു. ഖനനം പെർമിറ്റ് പ്രകാരമാണോ എന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടാരക്കര തഹസീൽദാർ മോഹനകുമാരൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ആർ.ആർ. ഡെപ്യൂട്ടി തഹസീൽദാർ ഉണ്ണികൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് ജയകുമാർ, സീനിയർ ക്ലർക്ക് സുരേഷ് കുമാർ, റെജി, സതീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |