
ഹരിപ്പാട് : യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ചിട്ടുള്ള ജില്ലാ പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷനിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രണ്ടര പതിറ്റാണ്ടായി ജില്ലാ പഞ്ചായത്ത് അംഗമായി തുടരുന്ന ഡി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ജോൺ തോമസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2015ൽ ഈ ഡിവിഷനിൽ നിന്നും ജോൺ തോമസ് വിജയിച്ചിരുന്നു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീ വംഗം കെ. കാർത്തികേയനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പ്രണവം ശ്രീകുമാറാണ്.
2010 ൽ രൂപീകരിച്ച പള്ളിപ്പാട് ഡിവിഷൻ 2010, 2015 ലും നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പം നിന്നപ്പോൾ 2020ൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി എ. ശോഭയെ 1,798 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു.
പള്ളിപ്പാട്, വീയപുരം, ചെറുതന ഗ്രാമപഞ്ചായത്തുകളും കരുവാറ്റയിലെ ആറ്, ഏഴ് വാർഡുകളും ചേപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13, 14, 15, 16 വാർഡുകളും ഉൾപ്പെടുന്നതാണ് പള്ളിപ്പാട് ഡിവിഷൻ. ഇപ്പോഴത്തെ നിലയനുസരിച്ച് ആകെ 52 വാർഡുകൾ. 2020-ൽ 49 വാർഡുകളായിരുന്നു ഉണ്ടായിരുന്നത്. ഡിവിഷൻ പരിധിയിലെ ചെറുതന ഗ്രാമപ്പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് ഭരണമുള്ളത്. ബാക്കി പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിൻ കീഴിലാണ്. നിലവിലെ 49 പഞ്ചായത്ത് വാർഡുകളിൽ 24 വാർഡുകളിൽ എൽ.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് 16 വാർഡുകളിലും എൻ.ഡി.എ അഞ്ചു വാർഡുകളിലും വിജയിച്ചു. ബാക്കി വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് ജയിച്ചത്. ഹരിപ്പാട് മേഖലയിലെ ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ നെൽകർഷകരും, നെൽകൃഷിയും ഉള്ള ഭാഗമാണിത്. നെല്ലെടുപ്പിലെ പ്രശ്നങ്ങളും നെല്ലു വില കിട്ടാനുള്ള കാലതാമസവും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |