ആലപ്പുഴ : ജില്ലയിൽ മസ്തിഷ്ക ജ്വരവും മുണ്ടിനീരും വ്യാപകമായതോടെ നാട്ടുകാർ ആശങ്കയിൽ. മുണ്ടിനീര് പടർന്ന സാഹചര്യത്തിൽ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു. ഉമിനീര്,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ ഇവയുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.
മുണ്ടിനീര് ഭേദമാക്കാനാകുന്നതാണെങ്കിലും പകർച്ചാസാദ്ധ്യത കൂടുതലാണെന്നതാണ് ആശങ്ക ഉയർത്തുന്നത്. മുണ്ടിനീര് ചിലപ്പോൾ മസ്തിഷ്‌കവീക്കത്തിനും കേൾവിക്കുറവിനും വൃഷണങ്ങളിലെ വീക്കം കാരണമാകും. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
മുണ്ടിനീര് റിപ്പോർട്ട് ചെയ്തതോടെ അമ്പലപ്പുഴ എച്ച്.ഐ.എൽ.പി സ്കൂൾ, മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ എൽ.പി വിഭാഗം,
കലവൂർ ഗവ.ഹൈസ്കൂൾ, തമ്പകച്ചുവട് യു. പി സ്‌കൂൾ എന്നിവിടങ്ങളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം
എന്നിവയ്ക്ക് ആഴ്ചകളോളമാണ് അവധി നൽകിയത്.
അവധി നൽകിയത് 5 സ്കൂളുകൾക്ക്
മുണ്ടിനീര് ബാധിച്ചതോടെ മൂന്നാഴ്ചക്കിടെ 5 സ്കൂളുകൾക്കാണ് 21 ദിവസം അവധി നൽകിയത്
അഞ്ചു മുതൽ ഒൻപത് വയസ് വരെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗബാധയുണ്ടാകുക.
കഴിഞ്ഞ കുറച്ചുമാസങ്ങളായി മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലും രോഗം വ്യാപകമാണ്
രോഗം ബാധിച്ച് നാലു മുതൽ ആറുദിവസത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം
ലക്ഷണം
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്
ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയോ ബാധിക്കും
നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം. ചെറിയപനിയും തലവേദനയും ആണ് പ്രാരംഭലക്ഷണങ്ങൾ
വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും
വിശപ്പില്ലായ്മയും ക്ഷീണവും, വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങൾ.
എം.എം.ആർ വാക്സിൻ
ഒഴിവാക്കിയത് തിരിച്ചടി
2017ന് മുമ്പ് സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി നൽകിയിരുന്ന എം.എം.ആർ (അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല) വാക്സിൻ, കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുണ്ടിനീര് ഗുരുതരമായ രോഗമല്ലെന്നും വാക്സിന് പൂർണമായ പ്രതിരോധശേഷി നൽകാനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഇതിന് പകരം അഞ്ചാംപനിയും റുബെല്ലയും മാത്രം പ്രതിരോധിക്കുന്ന എം.ആർ വാക്സിനാണ് ഇപ്പോൾ നൽകുന്നത്.
കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കും
- ജില്ലാ മെഡിക്കൽ ഓഫീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |