കോന്നി: അടവി വിനോദ സഞ്ചാരകേന്ദ്രത്തിൽ ഹൊറർ ഹൗസും പെഡൽ ബോട്ടുകളും വരുന്നു. കാനന സൗന്ദര്യത്തിലൂടെയും കുട്ടവഞ്ചി സവാരിയിലൂടെയും ശ്രദ്ധേയമായ അടവിയിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണിത്. കൂടുതൽ സഞ്ചാരികളെ അടവിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരു മാസം മുമ്പ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.
തെക്കൻ കേരളത്തിൽ ആദ്യമായാണ് ഹൊറർ ഹൗസ് സ്ഥാപിക്കുന്നത്. ആളുകളെ അത്ഭുതലോകത്തിൽ എത്തിക്കുന്ന ഹൊറർ ഹൗസ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമ്മിക്കുന്നത്. പൂർണമായും സെൻസറുകളാൽ നിയന്ത്രിക്കുന്ന ഹൊറർ ഹൗസിലെ ശബ്ദ, വെളിച്ച സജ്ജീകരണമാണ് പ്രധാന ആകർഷണം. ഡ്രം ഗോസ്റ്റ്, ഹാങ്ങിംഗ് സോംബി, കോഫിർ റെയ്സ്, ഫോട്ടോ ഫ്രെയിം ,ലഗ് ടിക്കിളിംഗ്, ചെയർ സ്ക്രീമർ തുടങ്ങി ഭയം ജനിപ്പിക്കുന്ന നിരവധി സംവിധാനങ്ങളാണ് ഹൊറർ ഹൗസിൽ ഒരുക്കുന്നത്.
കുട്ടികൾക്കായാണ് പെഡൽ ബോട്ടുകൾ ഒരുക്കുന്നത്. പ്രത്യേകമായി നിർമ്മിക്കുന്ന കുളത്തിലാണ് പെഡൽ ബോട്ട് സജ്ജമാക്കുക.മുതിർന്നവർ കുട്ടവഞ്ചി സവാരി നടത്തുമ്പോൾ കുട്ടികൾക്ക് പെഡൽ ബോട്ട് സവാരി നടത്താൻ കഴിയുംവിധമാണ് സംവിധാനം.
നിർമ്മാണോദ്ഘാടനം ഇന്ന്
നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വന സംരക്ഷണ സമിതി അംഗങ്ങളും, പൊതുജനങ്ങളും പങ്കെടുക്കും.
ഹൊറർ ഹൗസും പെഡൽ ബോട്ടുകളും തയ്യാറാക്കി ഒന്നര മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |