ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഇനി നാലുനാൾ ദൂരം മാത്രം. ചൊവ്വാഴ്ച്ച രാവിലെ 7മുതലാണ് വോട്ടെടുപ്പ്. ഇതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ അവസാന ഘട്ടത്തിലായി.
പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശവും വർദ്ധിച്ചു. ത്രികോണ പോരാട്ടവും, ഇടത് - വലത് പോരാട്ടവും, ഒരേ മുന്നണിക്കുള്ളിൽ നിന്നുള്ള നേർക്കുനേർ പോരാട്ടവും ജില്ലയിൽ അരങ്ങേറുന്നുണ്ട്. വീടുകളിലെത്തിവോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. കാലാവസ്ഥ അനുകൂലമായത് പ്രചാരണത്തിന് അനുകൂല ഘടകമായി.
മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് മുന്നണികൾ കളം കൊഴുപ്പിക്കുന്നത്. മുഖ്യമന്ത്രി വരും ദിവസങ്ങളിലൊന്നിൽ ജില്ലയിലുണ്ടാവും. തീയതി അന്തിമമായിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എ.വിജയരാഘവൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു. യു.ഡി.എഫിന് വേണ്ടി ആലപ്പുഴ എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാലാണ് ചുക്കാൻ പിടിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തിറങ്ങി. രാജീവ് ചന്ദ്രശേഖറും തുഷാർവെള്ളാപ്പള്ളിയും എൻ.ഡി.എയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി.
മുന്നിൽ സ്ത്രീകൾ
സ്ഥാനാർത്ഥി പട്ടികയിലും, വോട്ടർ പട്ടികയിലും സ്ത്രീകളാണ് മുന്നിൽ. ജില്ലയിൽ ആകെയുള്ള 18.02 ലക്ഷം വോട്ടർമാരിൽ 96,000ത്തിലധികം പേർ വനിതകളാണ്. 5395 സ്ഥാനാർത്ഥികളിൽ 2947 പേരും വനിതകളാണ്.
ജില്ലയിൽ ആകെ സ്ഥാനാർത്ഥികൾ: 5395
സ്ത്രീകൾ: 2947
പുരുഷന്മാർ: 2448
നഗരസഭ സ്ഥാനാർത്ഥികൾ
സ്ത്രീകൾ: 395
പുരുഷന്മാർ: 336
ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ
സ്ത്രീകൾ: 2246
പുരുഷന്മാർ: 1823
ബ്ലോക്ക് സ്ഥാനാർത്ഥികൾ
സ്ത്രീകൾ: 269
പുരുഷന്മാർ: 246
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
സ്ത്രീകൾ: 37
പുരുഷന്മാർ: 43
ജില്ലയിൽ വോട്ടർമാർ: 18,02,555
സ്ത്രീകൾ: 960976
പുരുഷന്മാർ: 841567
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |