ആലപ്പുഴ : നെല്ല് സംഭരണത്തിനുള്ള പങ്കാളിത്തം സഹകരണ സ്ഥാപനങ്ങൾക്ക് ഗതകാല പ്രൗഡിയുടെ വീണ്ടെടുപ്പാകുമോ എന്ന് ഉറ്റുനോക്കുകയാണ് നാട്. പുഞ്ചകൃഷി വിളവെടുപ്പിൽ നെല്ല് സംഭരണത്തിന് സഹകരണ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്താൻ കൂടിയാലോചനകൾ നടക്കവേ കർഷകരെയും കർഷക കുടുംബങ്ങളെയും സഹകാരികളാക്കി തിരികെയെത്തിക്കുക സംഘങ്ങളുടെ ഉന്നമനത്തിന് പ്രയോജനപ്പെടുമോയെന്നാണ് കണ്ടറിയേണ്ടത്.
ഒരുകാലത്ത് കർഷകരുടെ ആശ്രയവും ആശാകേന്ദ്രവുമായിരുന്നു സഹകരണ സംഘങ്ങൾ. എന്നാൽ നെല്ലുൾപ്പെടെ എല്ലാവിളകളുടെയും വിലയും മറ്റ് ആനുകൂല്യങ്ങളും ദേശസാൽകൃത ബാങ്കുകൾവഴിയായതോടെ പഴയകാല കർഷകർ പ്രാഥമിക സംഘങ്ങളെ കൈവിട്ടു. ഇവരുടെ അക്കൗണ്ടും ഇടപാടും വൻകിട ബാങ്കുകളിലേക്ക് മാറിയതോടെ സഹകരണ സ്ഥാപനങ്ങൾക്ക് വൻതിരിച്ചടി നേരിട്ടു. ഇതോടെ വിത്തും വളവുമുൾപ്പെടെ സംഘങ്ങൾ വഴി കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിലച്ചു. പുതുതലമുറക്കാരാകട്ടെ അക്കൗണ്ടെടുക്കാനോ പണമിടപാടുകൾക്കോ പ്രാഥമിക സംഘങ്ങളുടെ പടികടക്കാതെയുമായി.
ഗോഡൗണുൾപ്പെടെയുള്ള സംവിധാനങ്ങളുടെയും നെല്ലിന്റെ വിലയായി നൽകേണ്ട പണത്തിന്റെയും പരിമിതിയിൽ നെല്ല് സംഭരണം കീറാമുട്ടിയായി തുടരുമ്പോഴും നെൽവില വിതരണം സംഘങ്ങൾ വഴിയായാൽ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ഇടപാടുകാരിൽ കുറച്ചധികം പേരെ തിരികെ പിടിക്കാനും സേവിംഗ്സ് ബാങ്ക് , ചിട്ടി ഇടപാടുകൾവഴി ധനസ്ഥിതി മെച്ചപ്പെടുത്താനും കഴിയുമെന്നാണ് സഹകരണ സംഘങ്ങളുടെ കണക്കുകൂട്ടൽ.
തുണയ്ക്കുമോ, ചതിക്കുവോ
സംഘങ്ങൾ വഴിയുള്ള കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പോലെ നെല്ല് സംഭരണവും ഭാവിയിൽ സംഘങ്ങൾക്ക് പ്രയോജനപ്രദമാകുമെന്നാണ് നിഗമനം
പെൻഷൻ വാങ്ങുന്നവരിൽ കുറച്ചധികം പേർ ബാലൻസ് തുക സംഘങ്ങളിൽ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപമായി ഇടാറുണ്ട്
ഇത്തരത്തിൽ കർഷകരെയും അവരുടെ സാമ്പത്തിക ഇടപാടുകളെയും തിരികെ കൊണ്ടുവരാൻ നെല്ല് സംഭരണം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ
എന്നാൽ മുൻകാല അനുഭവങ്ങളും പരിമിതികളും കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്
വെല്ലുവിളി ഏറെ
നിലവിൽ സ്വകാര്യ മില്ലുകളുടെ പങ്കാളിത്തതോടെ സപ്ളൈകോ നടത്തുന്ന നെല്ല് സംഭരണത്തിൽ, കൊയ്തെടുത്ത നെല്ല് പാടത്ത് നിന്ന് വള്ളങ്ങളിലും ലോറികളിലും കയറ്റി മില്ലുകളിലെത്തിക്കുന്നത് വലിയ അദ്ധ്വാനവും സാമ്പത്തിക ചെലവും വേണ്ടിവരുന്നതാണ്. കുട്ടനാട്ടിലേതുൾപ്പെടെ സംഭരിച്ച മുഴുവൻ നെല്ലും സംസ്കരിച്ച് അരിയാക്കാനും വിറ്റഴിക്കാനും സ്വന്തമായി മില്ലോ ഗോഡൗണോ വിപണി സംവിധാനമോ ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങളിൽ മാസ്റ്റർ പ്ളാൻ വേണ്ടിവരുമെന്നാണ് സഹകരണ സംഘങ്ങളുടെ പൊതുനിലപാട്.
നെല്ല് സംഭരണം പ്രതീക്ഷകൾക്കൊപ്പം പ്രതിസന്ധികളും നിറഞ്ഞതാണ്. വിവേകപൂർവ്വം കൈകാര്യം ചെയ്താൽ സംഘങ്ങൾക്ക് നേട്ടമുണ്ടാക്കാനാകും. മറിച്ചായാൽ കരകയറാനാകാത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തും
- സഹകാരികൾ, കുട്ടനാട്
കുട്ടനാട്ടിൽ സഹകരണ സംഘങ്ങൾ - 30
പ്രവർത്തനക്ഷമമായത്......................24
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |