കൊച്ചി: മെട്രോ റെയിലിന്റെ കലൂർ സ്റ്റേഡിയത്തിന് സമീപത്തെ 40 അടി ഉയരമുള്ള തൂണിനു മുകളിൽ ആറ് ദിവസം കുടുങ്ങിക്കിടന്ന പൂച്ച ആരോഗ്യം വീണ്ടെടുത്തു. നാട്ടുകാർ 'സുഭാഷ്' എന്ന് പേരിട്ട രണ്ടു വയസുള്ള ആൺപൂച്ചയ്‌ക്ക് 'മെട്രോ ക്യാറ്റ്" എന്ന് എസ്.പി.സി.എ പേരിട്ടു. സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽസിന്റെ (എസ്.പി.സി.എ) കസ്റ്റഡിയിലുള്ള പൂച്ചയെ സൊസൈറ്റിയുടെ കണ്ണമാലി അഡോപ്ഷൻ സെന്ററിലേക്ക് മാറ്റി. ഇവിടെയാകും ഇനി വാസം. ആർക്കും വളർത്താൻ നൽകേണ്ടതില്ലെന്നാണ് സൊസൈറ്റിയുടെ തീരുമാനം.
കൊച്ചി നഗരത്തെ മുൾമുനയിൽ നിറുത്തിയ 'സുഭാഷി'നെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അഗ്നിശമന സേനയും എസ്.പി.സി.എയും ചേർന്ന് രക്ഷിച്ചത്. ക്ഷീണിതനായ പൂച്ച ഭാഗ്യംകൊണ്ടാണ് പട്ടിണിമൂലം മരിക്കാതിരുന്നത്. സാധാരണ ഗതിയിൽ നാലുദിവസം ഭക്ഷണമില്ലെങ്കിൽ പൂച്ചകൾ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്. ആരോഗ്യവാനായതിനാലാണ് രക്ഷപ്പെട്ടതെന്ന് എസ്.പി.സി.എ ഓണററി സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.
മെട്രോ റെയിൽ കേന്ദ്രങ്ങളിൽ നിന്ന് രക്ഷിക്കുന്ന ജീവികൾക്ക് മെട്രോയെന്നു ചേർത്താണ് പേരു നൽകാറ്. മുമ്പ് വൈറ്റിലയിലെ തൂണിൽ നിന്ന് രക്ഷിച്ച പൂച്ചയ്ക്ക് മെട്രോ മിക്കിയെന്നാണ് പേരിട്ടത്. 14 വർഷമാണ് പൂച്ചകളുടെ ആയുസ്.
ശനിയാഴ്ച പകൽ 17 മിനിറ്റോളം മെട്രോ സർവീസ് നിറുത്തിവച്ച് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് സാധിക്കാതെ വന്നതിനെ തുടർന്ന് രാത്രി സർവീസ് അവസാനിപ്പിച്ച ശേഷമായിരുന്നു രക്ഷാദൗത്യം. വൻജനപിന്തുണയോടെ നടത്തിയ ദൗത്യം കൊച്ചി ഏറ്റെടുത്തു. മുകളിൽ കയറിയവർ ബട്ടർ ഫ്ളൈ നെറ്റിലൂടെ പിടികൂടിയ പൂച്ചയെ ഉടനെ തന്നെ ചികിത്സയ്‌ക്കായി മാറ്റിയിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ നായകനായ സുഭാഷിനെ ഗുണ ഗുഹയിൽ നിന്ന് രക്ഷിക്കുന്ന കഥയുടെ പശ്ചാത്തലത്തിലാണ് ഭാവനാസമ്പന്നരായ കലൂരിലെ ഓട്ടോറിക്ഷാക്കാർ പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |