
# ഒമ്പതാം വർഷത്തിലേക്ക്
ആലപ്പുഴ: സമൂഹത്തിൽ വിവിധ തരത്തിൽ ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസത്തിന്റെ തണലൊരുക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം ഒമ്പതാം വർഷത്തിലേക്ക്. ജില്ലയിൽ ഇതുവരെ 3,094 പരാതികളിൽ സ്നേഹിത ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു. സുരക്ഷിതമായ സാമൂഹ്യഅന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം, അതിജീവിതർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനും കുടുംബശ്രീ മിഷന്റെ കീഴിലുള്ള 'സ്നേഹിത'യ്ക്ക് സാധിക്കുന്നുണ്ട്.
2017ലാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചത്. ഇന്നലെവരെ 1,509 പേർ നേരിട്ട് കേന്ദ്രത്തിലെത്തി സഹായം തേടി. വീടുകളിൽ നിന്നോ, സമൂഹത്തിൽ നിന്നോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ നേരിട്ട 1,096 പേർക്ക് സ്നേഹിത സുരക്ഷിത അഭയം നൽകി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ താത്കാലിക താമസസൗകര്യം ഒരുക്കുന്നത് വലിയ ആശ്വാസമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിതയുടെ ടെലി കൗൺസലിംഗ് സേവനം 1,585 പേർ ഉപയോഗപ്പെടുത്തി. 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നേരിയ കുറവുണ്ടായെങ്കിലും, കൗൺസലിംഗിനായി എത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനയാണുള്ളത്. മാനസിക സംഘർഷങ്ങൾ തുറന്നുപറയാനും വിദഗ്ദ്ധ നിർദ്ദേശങ്ങൾ തേടാനും കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നത് സാമൂഹ്യ മാറ്റത്തിന്റെ സൂചനയാണെന്ന് അധികൃതർ വിലയിരുത്തുന്നു.
സുരക്ഷിത ജീവിതം ഉറപ്പ്
പരാതി പരിഹരിക്കുക എന്നതിലുപരി, അതിജീവിതരുടെ തുടർന്നുള്ള ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും സ്നേഹിത ശ്രദ്ധിക്കുന്നു
പരാതി പരിഹരിക്കപ്പെട്ടാലും തുടർച്ചയായി രണ്ടു വർഷത്തോളം ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും
ഇതിനുശേഷം ബന്ധപ്പെട്ട സി.ഡി.എസ് മുഖേന നിരീക്ഷണം തുടരും. കളക്ടറേറ്റിന് സമീപം ട്രാഫിക് പൊലീസ് സ്റ്റേഷന് എതിർവശത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്
നിയമസഹായം, കൗൺസലിംഗ്, താൽക്കാലിക താമസം തുടങ്ങി വിവിധ സേവനങ്ങളുമായി കൗൺസലർമാരും ജീവനക്കാരും സദാസമയവുമുണ്ടാകും
ടോൾ ഫ്രീ നമ്പർ: 800 425 200 02
ഫോൺ: 0477 2230912
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |