അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഇന്റർസ്റ്റേറ്റ് അടക്കമുള്ള പുതിയ ദീർഘദൂര സർവീസുകൾ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ അറിയിച്ചു. മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്ന് വൈകിട്ട് നാലിന് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഏറെക്കാലമായി അടൂർ നിവാസികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പുതിയ സർവീസുകളും പരിഷ്കരണങ്ങളും ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടൂരുകാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടിയെടുത്ത മന്ത്രിയെ അഭിനന്ദിക്കുന്നതായി ചിറ്റയം പറഞ്ഞു.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് അടൂർ കെ.എസ്. ആർ.ടി.സി യാർഡ് നിർമ്മാണം, അടൂർ ഡിപ്പോ ബസ് ഷെൽട്ടർ, പന്തളം ഓപ്പറേറ്റിംഗ് സെന്റർ നിർമ്മാണം, അടൂർ ഡിപ്പോ പന്തളം ഓപ്പറേറ്റിംഗ് സെന്റർ എന്നിവയ്ക്ക് ഹൈമാസ്റ്റ് ലൈറ്റുകൾ അടക്കമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
പുതിയ സർവീസുകൾ
അടൂർ - മാനന്തവാടി പ്രീമിയം സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസ്, അടൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് വാരാന്ത്യ ഇന്റർ സ്റ്റേറ്റ് സർവീസ് എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന സർവീസുകൾ. സൂപ്പർഫാസ്റ്റ് ശ്രേണിയിൽ നിലവിൽസർവീസ് നടത്തിക്കൊണ്ടിരുന്ന അടൂർ -കോയമ്പത്തൂരിന്റെ സർവീസ് കാറ്റഗറി പരിഷ്കരിച്ച് പ്രീമിയം സൂപ്പർ ഫാസ്റ്റ് ആക്കി ഉയർത്തിയതിന്റെയും കൊവിഡ് കാലയളവിൽ സർവീസ് നിറുത്തിവയ്ക്കപ്പെട്ടഅടൂർ-തേപ്പുപാറ ഓർഡിനറി സർവീസ് പുനരാരംഭിക്കുന്നതിന്റെയും ഫ്ലാഗ് ഓഫ് ചടങ്ങും ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |