
മുഹമ്മ: അറബിനാട്ടിലെ ഈന്തപ്പനയുടെ ഹരിതാഭയും ഫല സമൃദ്ധിയും, വടക്കനാര്യാട്ടെ പൗരാണികത തുടിച്ചുനിൽക്കുന്ന മുസ്ലിം ജമാഅത്ത് പള്ളി മുറ്റത്തും മനോഹര കാഴ്ചയാകുന്നു. ആറുവർഷം മുമ്പ് അന്നത്തെ പള്ളിക്കമ്മിറ്റി രാജസ്ഥാനിൽ നിന്നുള്ളവരെ വരുത്തി നട്ടുപിടിപ്പിച്ച എട്ട് ഈന്തപ്പനകളിൽ ഒരെണ്ണമാണ് കായും കാഴ്ചയുമായി പള്ളിയങ്കണത്തിൽ കുടവിരിച്ചു നിൽക്കുന്നത്. നല്ല കടവണ്ണമുള്ള, അത്യാവശ്യം വളർച്ചയുള്ള തൈകളായിരുന്നു അന്ന് നട്ടത്. ഉണങ്ങിയ ചാണകപ്പൊടിയും ചകിരിച്ചോറും മറ്റ് ജൈവ വസ്തുക്കളും വളമായി ഉപയോഗിക്കുകയും ഇടക്കിടെ നനച്ചും കൊടുക്കുകയും ചെയ്തതോടെ കായ്ച്ചുതുടങ്ങി.
തെങ്ങിലെന്നപോലെ ആദ്യം പൂവ് വരികയും പിന്നീട് പാക്ക് പോലെ കുലകളായി ഈന്തപ്പഴം കായ്ച്ചിറങ്ങുകയുമായിരുന്നു. ആദ്യം പച്ചനിറം, പിന്നെ ഓറഞ്ച്, ഒടുവിൽ കറുപ്പ്. കായ് നിറം കറുപ്പായാൽ ഈന്തപ്പഴം വിളഞ്ഞുപാകമായി എന്നർത്ഥം.ഇതോടെ, കമ്മിറ്റികാരും നിസ്കാരത്തിനെത്തുവരും പള്ളിമുറ്റത്തെ ഈന്തപ്പഴത്തിന്റെ രുചി അനുഭവിച്ച് അറിയാൻ തുടങ്ങി. സമൃദ്ധമായി കായ്ച്ചുനിൽക്കുന്ന ഈന്തപ്പനയുടെ ചിത്രം പകർത്താനും സെൽഫി എടുക്കാനുമായി നിരവധി ആളുകളാണ് അകലെ നിന്ന് പോലും ദിവസേന പള്ളി മുറ്റത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കീടങ്ങൾ അടുക്കില്ല
കായ്ക്ക് നല്ല മധുരമുണ്ടെങ്കിലും മാംസത്തിന് കട്ടി കുറവാണ്. ഇതേക്കുറിച്ച് കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ വളത്തിന്റെ കുറവാണെന്നും, പ്രത്യേക തരം വളങ്ങൾ ഉപയോഗിക്കണമെന്നും അറിഞ്ഞു. ഇത് അനുസരിച്ച് ഈന്തപ്പനകളെ പരിചരിക്കാനുള്ള തയ്യാറെടുപ്പിലാണ് മസ്ജിദ്
പ്രസിഡന്റ് അബ്ദുൽ മജീദും സെക്രട്ടറി മുജീബ് റഹ്മാനും.
തെങ്ങ് പോലെ നല്ല കരുത്തുള്ള തടിയാണിതിന്. നിറയെ മനോഹരമായ ഓലകളുമുണ്ട്. ഓലകൾ നിറയെ നീണ്ട മുള്ളുകൾ പ്രത്യേകതയാണ്. മുള്ളുകളുടെ കരുത്ത് കൊണ്ടാകാം കൊമ്പൻ ചെല്ലി പോലുള്ള കീടങ്ങൾ അടുക്കാറില്ല. മുള്ളുകളുടെ ക്രൂരത കാരണം
ഓലവെട്ടാൻ ആളെ കിട്ടുക പ്രയാസമാണ്. കിട്ടിയാൽ തന്നെ, ഓലവെട്ടിയ ശേഷം ഇറങ്ങിവരുമ്പോൾ അയാളുടെ ശരീരത്തിന്റെ പല ഭാഗത്തുനിന്നും ചോര പൊടിയുന്നുണ്ടാവും. എന്നിരുന്നാലും ഈന്തപ്പനയിൽ കയറിയതിന്റെ ഒരു സന്തോഷം ആ മുഖത്തുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |