
ആലപ്പുഴ: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം ധനസഹായ പദ്ധതിയുടെ ആശ്വാസം ഇനി കൂടുതൽ സ്ത്രീകളിലേക്ക്. സ്വന്തമായി വീടില്ലാത്ത 50 വയസിനുമുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് അഭയകിരണം. ഇതിൽ വിധവകൾക്ക് മാത്രം എന്ന നിബന്ധന ഒഴിവാക്കി അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ അടക്കമുള്ള പ്രായഭേദമന്യേയുള്ള സ്ത്രീകൾകളെ കൂടി ഉൾപ്പെടുത്തിയതോടെ പദ്ധതി കൂടുതൽ പേർക്ക് ആശ്വാസകരമാകുകയാണ്.
പ്രധാന മാനദണ്ഡത്തിൽ വരുത്തിയ ഈ പരിഷ്കാരം കഷ്ടത അനുഭവിക്കുന്ന എല്ലാ സ്ത്രീകളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. മാത്രമല്ല, സംരക്ഷിക്കുന്ന വ്യക്തികൾക്കാകും ഇനി മുതൽ ധനസഹായം നൽകുക. മുമ്പ് ബന്ധുവിന് മാത്രമായിരുന്നു പദ്ധതിയിൽ അപേക്ഷിക്കാൻ അർഹത.
മാനദണ്ഡത്തിൽ മാറ്റം
പദ്ധതിയുടെ തുടക്കം മുതൽ നിരവധി പരാതികളാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെട്ടുപോയവരിൽ പ്രായമാവരെക്കാൾ കൂടുതൽ ചെറുപ്പക്കാരെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തനിച്ചായ സ്ത്രീകളെ പരിഗണിക്കാൻ വകുപ്പ് തീരുമാനിച്ചത്. സംരക്ഷിക്കുന്ന വ്യക്തി മറ്റ് ക്ഷേമ പെൻഷനുകളോ, വകുപ്പ് നടപ്പാക്കിയിട്ടുള്ള മറ്റേതെയങ്കിലും ധനസഹായമോ ലഭിക്കുന്നവരാകരുത് എന്ന മാനദണ്ഡവും ഒഴിവാക്കി. 2017-18ലാണ് അഭയകിരണം പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം 716 പേരായിരുന്നു ഗുണഭോക്താക്കൾ.വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
ഗുണഭോക്താക്കൾ
(വർഷം, എണ്ണം)
2018-19: 716
2019-20: 731
2020-21: 828
2021-22: 739
2022-23: 542
2023-24: 630
2024-25: 558
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |