ആലപ്പുഴ : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപടികൾ പുരോഗമിക്കുന്നതിനിടെ ജില്ലയിൽ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷ നൽകിയവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 53,867 പേരാണ് അപേക്ഷ നൽകിയത്.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 1,42,377 പേരെയാണ് ഒഴിവാക്കിയത്. കന്നി വോട്ടർമാർക്ക് പുറമെ വിവിധ കാരണങ്ങളാൽ പട്ടികയിൽനിന്ന് പുറത്തായവരും പുതിയ അപേക്ഷകരിലുണ്ട്. ജില്ലയിൽ ബുധനാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം എറ്റവും കൂടുതൽ അപേഷ ലഭിച്ചത് അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലാണ്. 10242 പേരാണ് ഇവിടെ അപേക്ഷ നൽകിയത്. 3635 പേർ അപേക്ഷ നൽകിയ കുട്ടനാട്ടിലാണ് ഏറ്റവും കുറവ് പേർ അപേക്ഷ നൽകിയത്. ആകെ അപേക്ഷകളിൽ 12185 എണ്ണം പരിശോധിക്കാൻ ബി.എൽ.ഒമാർക്ക് കൈമാറി. 3443 അപേക്ഷകൾ അംഗീകരിച്ചപ്പോൾ വിവിധ കാരണങ്ങളാൽ 2778 എണ്ണം തള്ളി. 3734 പ്രവാസി വോട്ടർമാരും കരട് പട്ടികയിലെ തെറ്റുകൾ തിരുത്തുവാൻ 30605 അപേക്ഷകളും ലഭിച്ചു. ആക്ഷേപം ഉന്നയിക്കുന്നതിനും പേര് നീക്കംചെയ്യുന്നതിനും ഉൾപ്പടെ 153,987 മറ്റ് അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
അവസരം 30 വരെ
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ആക്ഷേപങ്ങൾ അറിയിക്കാനും 30വരെ അവസരമുണ്ട്
അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ഫെബ്രുവരി 21ന് തന്നെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ തീരുമാനം
30ന് ശേഷവും പുതുതായി വോട്ടുചേർക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തും
എസ്.ഐ.ആറിന്റെ ഭാഗമായുള്ള ഹിയറിംഗ് രണ്ടാഴ്ചമുമ്പാണ് ആരംഭിച്ചത്. 14.3 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് രേഖകളുമായെത്താൻ നോട്ടീസയച്ചത്
2002ലെ പട്ടികയുമായി പേരുവിവരങ്ങൾ ചേരാത്തതിനാലാണ് രേഖകൾ ഹാജരാക്കേണ്ടിവരുന്നത്. ഫെബ്രുവരി 14നകം ഹിയറിംഗ് പൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |