ആലപ്പുഴ: കാട്ടുപന്നിശല്യം രൂക്ഷമായ കാർഷികഗ്രാമങ്ങളെ രക്ഷിക്കാൻ ജില്ലയിൽ കൃഷിവകുപ്പ് ശുപാർശ ചെയ്ത സൗരവേലി പദ്ധതിയ്ക്ക് അംഗീകാരം . തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്കായി കൃഷി വകുപ്പ് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കാട്ടുപന്നികൾ കൃഷിയ്ക്കും മനുഷ്യജീവനും ഭീഷണിയായ പ്രദേശങ്ങളിൽ
കാട്ടുപന്നിയുടെ താവളങ്ങൾ വളഞ്ഞ് സൗരവേലി സ്ഥാപിച്ച് ജനവാസ, കാർഷിക മേഖലകളിലേക്കുള്ള അവയുടെ കടന്നുവരവ് തടയുകയാണ് ലക്ഷ്യം. 50 ശതമാനം സർക്കാർ സബ്സിഡിയോടെയാകും പദ്ധതി നടപ്പാക്കുക.
കാർഷിക സമൃദ്ധമായ ജില്ലയുടെ തെക്ക് കിഴക്കൻ അതിർത്തി ഗ്രാമങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷി ഭൂമികളിലും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കാട്ടുപന്നി ശല്യം രൂക്ഷമായ ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ താമരക്കുളം, ഭരണിക്കാവ്,ചുനക്കര, നൂറനാട്, പാലമേൽ പഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വളളികുന്നം കൃഷി ഓഫീസർ നിഖിൽ. ആർ.പിള്ളയാണ് കൃഷി വകുപ്പിനുവേണ്ടി പദ്ധതി തയ്യാറാക്കിയത്. നാലുവർഷം മുമ്പാണ് ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കാട്ടുപന്നിശല്യത്തിന്റെ തുടക്കം. ഏതാനുംവർഷങ്ങൾക്കകം നാടാകെ കാട്ടുപന്നി പെറ്റുപെരുകി. കാട്ടുപന്നി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്ത് ഭരണ സമിതി ഷൂട്ടർമാരെ നിയോഗിക്കുകയും കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം വള്ളികുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 1000 ഹെക്ടറിലേറെ സ്ഥലത്താണ് കാട്ടുപന്നി ആക്രമണത്തിൽ കൃഷി നശിച്ചത്. വെറ്റിലകൃഷി, വാഴ, തെങ്ങ്, കിഴങ്ങുവർഗങ്ങൾ, മരച്ചീനി, പച്ചക്കറി തുടങ്ങിയവയാണ് നശിച്ചത്.
സർക്കാർ സബ്സിഡി
50 ശതമാനം
ഒരേക്കറിൽ ചിലവ് 54,000 രൂപ
1.കാട്ടുപന്നികളുടെ താവളങ്ങളായി കണക്കാട്ടിയിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അവ പുറത്തേക്ക് ഇറങ്ങുന്നത് തടയുന്നതിനായി കാവുകൾക്ക് ചുറ്റും സൗരവേലി സ്ഥാപിക്കും
2.ഒരു ഏക്കറിൽ സൗരവേലി സ്ഥാപിക്കാൻ 54,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 14,500രൂപമാത്രമേ ഉടമയ്ക്ക് ചെലവ് വരൂ
3. ചാരുംമൂട് ബ്ളോക്ക് പഞ്ചായത്തിൽ സൗരവേലി സ്ഥാപിക്കുന്നതിന് രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി അരക്കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ചാരുംമൂട് മേഖലയിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി സമർപ്പിച്ച സൗരവേലി പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണ്
- പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |