
മുഹമ്മ: പണ്ട് രാജഭരണ കാലത്ത്, ജനങ്ങളുടെ ആവശ്യം മുൻനിർത്തി നാട്ടിലാകെ വഴിയോരങ്ങളിൽ സ്ഥാപിച്ചവയാണ് ചുമടുതാങ്ങികൾ. അവയിൽ അപൂർമായവ മാത്രമാണ് അവശേഷിക്കുന്നത്. അതിലൊന്ന് മുഹമ്മ- തണ്ണീർമുക്കം റോഡിൽ ആര്യക്കര ക്ഷേത്രത്തിന് സമീപമുണ്ട്. ഇത് പുതുതലമുറയിലുണ്ടാക്കുന്ന കൗതുകവും അതിശയവും വളരെ വലുതാണ്.
ആലപ്പുഴ - തണ്ണീർമുക്കം റോഡ് ആദ്യം നാട്ടുവഴിയായിരുന്നു. പിന്നെ മണ്ണ്റോഡായി. മെറ്റൽ പാകിയ റോഡ് ഏറെക്കാലം കഴിഞ്ഞാണ് ടാർ റോഡായത്. രാജഭരണകാലത്ത് കാൽ നടയായാണ് ഏറെപ്പേരും ഇതുവഴി സഞ്ചരിച്ചിരുന്നത്. തലച്ചുമടായിട്ടായിരുന്നു ചരക്കു നീക്കം.
ഇക്കാലത്താണ് വഴിയോരങ്ങളിൽ വിളക്ക് മരങ്ങളും ചുമടുതാങ്ങികളും സ്ഥാപിക്കപ്പെട്ടത്.
തലച്ചുമടുമായി വരുന്നയാളിന് പര സഹായം കൂടാതെ ചുമട് ഇറക്കി വയ്ക്കാനും, ക്ഷീണം തീർത്ത
ശേഷം തനിയേ ചുമട് എടുത്ത് കൊണ്ടുപോകാനും ഈ ചുമടുതാങ്ങികൾ പ്രയോജനപ്പെട്ടിരുന്നു.
ചുമടുതാങ്ങികളുടെ സമീപത്തായി ചിലയിടങ്ങളിൽ കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു.
കോമളപുരം, മണ്ണഞ്ചേരി ജംഗ്ഷൻ, കാവുങ്കൽ വടക്കേ തറമൂട്, കരയോഗം ജംഗ്ഷൻ, കായിപ്പുറം, തുരുത്തൻകവല എന്നിവിടങ്ങളിലെല്ലാം ഇത്തരം ചുമടുതാങ്ങികൾ ഉണ്ടായിരുന്നെങ്കിലും ആകെ അവശേഷിക്കുന്നത് ആര്യക്കരയിൽ മാത്രമാണ്.
വൈക്കം, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് പ്രദേശങ്ങളിലുള്ളവർ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും പ്രധാനമായും ആശ്രയിച്ചിരുന്നത് കായലിനെയും വള്ളങ്ങളെയും ആയിരുന്നു. എങ്കിലും, ചെറുകിട ചരക്ക് നീക്കത്തിന് ആശ്രയം കാള വണ്ടിയും തലച്ചുമടുമായിരുന്നു.
സിംപിൾ പക്ഷെ, കരുത്തൻ
കരിങ്കല്ലും സുർക്കിയും കൊണ്ട് തൂണുകൾ നിർമ്മിച്ച് അതിന് മുകളിൽ നീളത്തിലുള്ള കരിങ്കൽ പാളികൾ സ്ഥാപിച്ചാണ് ചുമടുതാങ്ങികൾ നിർമ്മിച്ചിരുന്നത്. നിർമ്മാണം ലളിതമാണെങ്കിലും കാലത്തിനുപോലും തകർക്കാനാകാത്ത കരുത്തുണ്ടായിരുന്നു. ആറ് വർഷം മുമ്പ് മുഹമ്മയിലെ ചുമടുതാങ്ങിയെ തകർക്കാനുള്ള ശ്രമം നടന്നിരുന്നു. കരിങ്കൽ തൂണുകൾ
സാമൂഹ്യ വിരുദ്ധർ അടിച്ചുടച്ചിരുന്നു. പിന്നീട് മുഹമ്മ പഞ്ചായത്ത് സമിതി അറ്റകുറ്റപ്പണി ചെയ്ത് അത് സംരക്ഷിച്ചു പോരുകയാണ്. ഇവിടെ ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പുമുണ്ട്. ഇവിടെ എത്തുന്ന കുട്ടികൾ ചോദിക്കാറുണ്ട്, എന്താണമ്മേ ഇത് എന്ന്. ചമടുതാങ്ങിയാണെന്നും അതിന്റെ ഉപയോഗം എന്തായിരുന്നുവെന്നും അമ്മയും അമ്മൂമ്മയും പറഞ്ഞുകൊടുക്കും.
അങ്ങനെ ചോദിച്ചും പറഞ്ഞും ആധുനിക കാലത്തും ചുമടുതാങ്ങി സജീവമായി തന്നെ നിലനിൽക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |